ഡബ്ലിൻ : കാറിന്റെ തുറന്ന വിന്‍ഡോയിലൂടെ ഇന്‍ഡിപ്പെന്‍ഡന്റ് ടി.ഡി മൈക്കല്‍ ഹീലി-റേയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ് . ഏകദേശം 50 വയസ്സ് പ്രായമുള്ള ആളാണ് റേയെ ആക്രമിച്ചതെന്നാണ് സൂചന.
‘ ഏകദേശം 50 വയസ്സ് പ്രായമുള്ള, കണ്ണട ധരിച്ച ഒരാൾ. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള, ചതുരാകൃതിയിലുള്ള ക്യാരിയർ ബാഗ് കൈവശമുണ്ടായിരുന്നു. രണ്ട് നിറങ്ങളിലുള്ള ടോപ്പിന് മുകളിൽ ചാരനിറത്തിലുള്ള ജാക്കറ്റും ഇരുണ്ട നിറത്തിലുള്ള ട്രൗസറും ധരിച്ചിരുന്നു. ആ വ്യക്തിയുടെ “വ്യക്തമായ സിസിടിവി ദൃശ്യം” തങ്ങളുടെ പക്കലുണ്ടെനന്നും ‘ അസിസ്റ്റന്റ് കമ്മീഷണർ റോബർട്ട്സ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ലെന്നും റോബർട്ട്സ് പറഞ്ഞു. “ഡെപ്യൂട്ടി ഹീലി-റേ ഒരു പ്രമുഖ പൊതുപ്രവർത്തകനാണ് . തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയാകാം ആക്രമണത്തിന് കാരണമെന്ന സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ് ,” അദ്ദേഹം പറഞ്ഞു.
മുഖത്തും തലയ്ക്കും പരിക്കേറ്റ ഹീലി-റേയെ സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലേറ്റ മുറിവില്‍ തുന്നലിട്ടശേഷം ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ അദ്ദേഹം ആശുപത്രി വിട്ടു .

