ഡബ്ലിൻ: അയർലൻഡിൽ ഫ്ളൂവാക്സിൻ എടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറയുന്നു. ഈ വിന്ററിൽ പൊതു ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരിൽ 45.4 ശതമാനം പേർ മാത്രമാണ് വാക്സിൻ എടുത്തിട്ടുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും താഴ്ന്ന കണക്കുകൾ ആണ് ഇത്.
ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് സർവൈലൻസ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2017-18 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് വാക്സിൻ എടുത്തവരുടെ എണ്ണം ഇത്രയും താഴ്ന്ന് നിൽക്കുന്നത്. അന്ന് 44.8 ശതമാനം ആരോഗ്യപ്രവർത്തകർ മാത്രമേ വാക്സിൻ സ്വീകരിച്ചിരുന്നുള്ളൂ.
ഡബ്ലിനിലും സൗത്ത് ഈസ്റ്റിലും മാത്രമാണ് ഫ്ളൂ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ളത്. ഇവിടങ്ങളിൽ പകുതിയിലധികം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഫ്ളൂ പടരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കാത്തത് വളരെ ഗൗരവമേറിയ വിഷയമാണ്.

