ഡബ്ലിൻ: കുട്ടികളുടെ അടുത്ത് സീറ്റ് നൽകുന്നതിനായി രക്ഷിതാക്കളിൽ നിന്നും അധികപണം ഈടാക്കുന്നതിൽ നിന്നും വിമാനക്കാമ്പനികളെ വിലക്കാൻ യൂറോപ്യൻ യൂണിയൻ. തീരുമാനത്തെ ഫിൻ ഗെയ്ൽ എംഇപി റെജീന ഡോഹെർട്ടി സ്വാഗതം ചെയ്തു. വിമാനക്കമ്പനികളുടെ പണത്തോടുള്ള ആർത്തിയ്ക്കെതിരെ താൻ പലതവണ പ്രതികരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. യൂറോപ്യൻ പാർലമെന്റ് ഇന്റേർണൽ മാർക്കറ്റ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റിയിലെ അംഗം കൂടിയാണ് റെജീന ഡോഹെർട്ടി .
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾ ഒപ്പമില്ലാതെ വിമാനത്തിൽ സഞ്ചരിക്കാൻ കഴിയില്ല. ഇത് മുതലെടുത്ത് യൂറോപ്പിലെ വിമാനക്കമ്പനികൾ സീറ്റിനായി അധിക പണം ഈടാക്കുന്നു. ഐറിഷ് വിമാനക്കമ്പനികൾ മാത്രമാണ് ഇതിൽ നിന്നും വിട്ട് നിൽക്കുന്നത്. അമിത ലാഭത്തിനായുള്ള വിമാനക്കമ്പനികളുടെ ഇത്തരം നടപടികൾക്കെതിരെ താൻ പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയന്റെ തീരുമാനം സ്വാഗതാർഹമാണെന്നും റെജീന ഡോഹെർട്ടി പ്രതികരിച്ചു.