ഡബ്ലിൻ: ഗാസ പിടിച്ചെടുക്കാനുള്ള ശ്രമം ഇസ്രായേൽ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ. അയർലൻഡ് ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സെമൺ ഹാരിസ് മറ്റ് രാജ്യങ്ങൾക്കൊപ്പം ഒപ്പുവച്ചു. ഐസ്ലാൻഡ്, ലക്സംബെർഗ്, മാൾട്ട, നോർവേ, പോർച്ചുഗൽ, സ്ലോവേനിയ, സ്പെയിൻ എന്നിവയാണ് അയർലൻഡിനൊപ്പം ഇസ്രായേലിനെ എതിർക്കുന്നത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളെ ശക്തമായി കത്തിൽ അപലപിക്കുന്നുണ്ട്. ഗാസയിലേക്ക് സൈനിക നീക്കങ്ങൾ വ്യാപിപ്പിച്ച് നഗരത്തിന്റെ നിയന്ത്രണം പൂർണമായി കൈക്കലാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അങ്ങിനെ സംഭവിച്ചാൽ മില്യൺ കണക്കിന് പലസ്തീനികൾക്ക് സ്വന്തം സ്ഥലം നഷ്ടമാകും. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

