യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലും ന്യൂജേഴ്സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കകത്തും പുറത്തുമുള്ള 1,600ലധികം വാണിജ്യ വിമാന സർവിസുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ മൂലം 7,800ലധികം വിമാന സർവിസുകൾ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവിസ് ഫ്ലൈറ്റ് അവെയർ അറിയിച്ചു
അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മഞ്ഞുവീഴ്ച മൂലം വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡബ്ലിൻ വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡബ്ലിൻ വിമാനത്താവളത്തിനും ന്യൂയോർക്കിനും ഇടയിലുള്ള ഒരു വിമാനം ഇന്നലെ രാവിലെ റദ്ദാക്കി.
അടുത്ത രണ്ട് ദിവസങ്ങളിൽ യാത്ര ചെയ്യുള്ളവർ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി അവരുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് വിമാനത്താവള വക്താവ് ഗ്രേം മക്വീൻ പ്രസ്താവനയിൽ പറഞ്ഞു.

