ഡബ്ലിൻ: കോർക്ക് സിറ്റിയിൽ നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയ 30 കാരന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയാണ് 30 കാരനും കൂട്ടുകാരും റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ നദിയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ലൈഫ്ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ലൈഫ് ഗാർഡ് എത്തി പരിശോധന നടത്തിയെങ്കിലും 30 കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഫയർഫോഴ്സിന്റെ സഹായം തേടി.
കോർക്ക് സിറ്റി ഫയർ ബ്രിഗേഡിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. ഇവർക്കൊപ്പം കോസ്റ്റ്ഗാർഡും തിരച്ചിലിൽപ്പം ചേർന്നു. ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ നദിയിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

