ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവർ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് വർദ്ധിക്കുന്നു. പ്രധാന തേർഡ് പാർട്ടി ആപ്പുകളായ ഡ്രൈവ്നൗ, ഡ്രൈവിംഗ് ടെസ്റ്റ് ഹെൽപ്പർ ഐഇ എന്നീ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സ്ലോട്ടുകളും മറ്റ് വിവരങ്ങളും ലഭിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാൻ കഴിയാതെ റദ്ദാക്കപ്പെടുവന്നവരുടെ സ്ലോട്ടുകൾ കാണിച്ചുതരുന്ന ആപ്പാണ് ഡ്രൈവ്നൗ. അതേസമയം ഇത്തരം സ്ലോട്ടുകൾ അറിയാനും ബുക്ക് ചെയ്യാനും ഡ്രൈവിംഗ്ടെസ്റ്റ് ഹെൽപ്പർ ഐഇ വഴി സാധിക്കും. എന്നാൽ ഈ ആപ്പുകൾക്ക് റോഡ് സേഫ്റ്റി അതോറിറ്റിയുമായി ബന്ധമില്ലെന്നതാണ് വാസ്തവം.
ഇതുവരെ ഇത്തരം തേർഡ് പാർട്ടി ആപ്പുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് വ്യക്തമാക്കി. ഇത്തരം ആപ്പുകൾ വ്യക്തിവിവരങ്ങൾ ചോർത്താൻ ഇടയുണ്ട്. അതിനാൽ ജാഗ്രത വേണമെന്നും എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അറിയിക്കണമെന്നും ആർഎസ്എ വക്താവ് വ്യക്തമാക്കി.

