ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിന് അയക്കും. ഫോറൻസിക് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായ ശേഷമായിരിക്കും അസ്ഥികൾ സ്ഥലത്ത് നിന്നും മാറ്റുക. അതേസമയം അസ്ഥികളിൽ നിന്നും ലഭിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് നിഗമനം.
നാളുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെയാണ് ഡൊണബേറ്റിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. കാണാതായതിന് പിന്നാലെ മരിച്ച കുട്ടിയെ ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറസ്സായ പ്രദേശത്ത് കുഴിച്ചിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയായിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്. അസ്ഥികൾക്ക് പുറമേ ഇവിടെ നിന്നും കുട്ടിയുടേത് എന്ന് സംശയിക്കുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ടെന്റുകൾ സ്ഥാപിച്ചാണ് പോലീസുകാർ സ്ഥലത്ത് പരിശോധന നടത്തുന്നത്.

