സ്ലൈഗോ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. നിയന്ത്രണങ്ങളോട് രോഗികളും സന്ദർശകരും സഹകരിക്കണമെന്നും ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. നിലവിൽ നിരവധി കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ആശുപത്രിയിലെ നാല് വാർഡുകളിലാണ് രോഗവ്യാപനം രൂക്ഷമായുള്ളത്. അതിനാൽ ഈ വാർഡുകളിൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. കുട്ടികളുമായി ആശുപത്രി സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്. പനി, ജലദോഷം, ഛർദ്ദി, വയറിളക്കം, എന്നീ രോഗങ്ങൾ ഉള്ളവർ ആശുപത്രിയിൽ എത്തരുത്. ഇത്തരം ബുദ്ധിമുട്ട് നേരിടുന്ന സന്ദർശകർ രോഗം ഭേദമായി 48 മണിക്കൂറിന് ശേഷമേ ആശുപത്രിയിൽ എത്താവൂ.
വാർഡുകളിലെ ശുചിമുറികൾ സന്ദർശകർ ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. നിയന്ത്രണങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

