ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ നടപ്പാതകളിൽ അടിയന്തിരമായി സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ആവശ്യം. ബസ് ഐറാന്റെ ബസ് ഇടിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു നഗരത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്.
ഡബ്ലിൻ സിറ്റി കൗൺസിലിലെ സ്വതന്ത്ര കൗൺസിലർമാരാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നടപ്പാതകളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് വിലയിരുത്തുക അനിവാര്യമാണെന്ന് ഇവർ വ്യക്തമാക്കി. പാതകളിൽ ഓട്ടോമേറ്റഡ് റൈസിംഗ് ബൊള്ളാർഡ്സ് പോലുള്ളവ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയം അവതരിപ്പിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം.

