ഡബ്ലിൻ: കുടുംബങ്ങളുടെ ചിലവ് കുറയ്ക്കുന്നതിലാണ് വരാനിരിക്കുന്ന ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന അഭിപ്രായത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇന്ന് നടക്കുന്ന ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം ഈ അഭിപ്രായം പങ്കുവയ്ക്കും. സേവനങ്ങളുടെ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുന്നതിലും ബജറ്റ് ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അടുത്താഴ്ച ഡെയ്ൽ കൂടാനിരിക്കെ ഇന്ന് മുള്ളിംഗറിലാണ് യോഗം.
തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ ചെലുത്തേണ്ടത് എന്ന് സൈമൺ ഹാരിസ് യോഗത്തിൽ വ്യക്തമാക്കും. വീടുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതലായി നിർമ്മിക്കാൻ ബജറ്റിലൂടെ അവസരം ഒരുക്കണമെന്നും തൊഴിലാളി കുടുംബങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടും. പരിചരണം ആവശ്യമുള്ളവർക്കും വികലാംഗർക്കും സഹായകരമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും സൈമൺ ഹാരിസ് വ്യക്തമാക്കും.

