ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ജോണി ജോസഫിന്റെ ഭൗതികദേഹം സംസ്കാര ചടങ്ങുകൾക്കായി നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഡബ്ലിനിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. കണ്ണൂർ തളിപ്പറമ്പ് പടപ്പേങ്ങാട് ബാലേശുഗിരി സ്വദേശിയാണ് ജോണി ജോസഫ്.
ഇന്നും നാളെയുമായി അദ്ദേഹത്തിന്റെ മൃതദേഹം ഹോളിസ്ടൗണിലെ വസതിയിലും, ബ്ലാഞ്ചാർട്സ്ടൗൺ ഹെഡ് സൺടൗൺ ദേവാലയത്തിലുമായി പൊതുദർശനത്തിന് വയ്ക്കും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 10 മണിവരെയാണ് വസതിയിൽ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 9.15 ന് മൃതദേഹം ദേവാലയത്തിൽ എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
വ്യാഴാഴ്ച ആയിരുന്നു ജോണി ജോസഫ് മരിച്ചത്. പ്രഭാത സവാരിയ്ക്കിടെ അദ്ദേഹം വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

