ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) അയർലൻഡിന്റെ നാഷണൽ കോൺഫറൻസ് ‘ അവേക്ക് അയർലൻഡ് 2025 ‘ ന് ശനിയാഴ്ച തുടക്കമാകും. ശനി, ഞായർ, തിങ്കൾ (25, 26, 27) ദിവസങ്ങളിലാണ് പരിപാടി. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ സെന്റ് പാട്രിക്സ് സ്പോർട്സ് ഹാളിലാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്.
16 മുതൽ 30 വയസ്സുവരെയുള്ളവരെ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിൽ 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350 തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോ മലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

