ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോലീസിന്റെ പേരിൽ തട്ടിപ്പിന് ശ്രമം. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ ആയിരുന്നു സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചത്.
പിഎസ്എൻഐയുടെ സ്വിച്ച്ബോർഡ് ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്. ഇതേ നമ്പറുമായി സാമ്യമുള്ള നമ്പർ ഉപയോഗിച്ച് ഒരാൾ വടക്കൻ അയർലൻഡിലെ യുവാവുമായി ബന്ധപ്പെടുകയായിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നും പണവും കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിളിക്കുന്നത് എന്നും ബാങ്ക് കാർഡുകളുടെയും അക്കൗണ്ടുകളുടെയും വിശദാംശങ്ങൾ നൽകണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. സംശയം തോന്നിയ യുവാവ് വിശദാംശങ്ങൾ നൽകാതെ ഇരിക്കുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. യുകെയിൽ നിന്നാണ് ഫോൺകോൾ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

