ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മലയാളി യുവാക്കൾക്ക് നേരെ ആക്രമണം. പോർട്രഷിന് സമീപ നഗരത്തിലെ റെസ്റ്റോറന്റ് ജീവനക്കാരായ യുവാക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി നടന്ന് പോകുകയായിരുന്നു യുവാക്കൾ. ഇതിനിടെ മദ്യപിച്ച് എത്തിയ ഒരു സംഘം ഇവരോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ഗോം ഹോം എന്ന് പറഞ്ഞായിരുന്നു ആക്രമണം എന്നാണ് യുവാക്കൾ മൊഴി നൽകുന്നത്.
പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തലയ്ക്കുൾപ്പെടെ ഇവർക്ക് സാരമായ പരിക്കുകൾ ഉണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

