ഡബ്ലിന്‍ : അയർലൻഡിലെ ഇന്ത്യക്കാരെ പിന്തുണച്ച് ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം . വംശീയ അധിക്ഷേപം ഇന്ത്യക്കാർക്കെതിരെ നടക്കുന്നതിന്റെ ഭാഗമായാണ് ഇടയലേഖനം . ഇന്ത്യക്കാർക്ക് പിന്തുണ നൽകണമെന്നും, അവർക്കൊപ്പം നിൽക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ഡബ്ലിനിലെ ഇടവകപള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെ വിശ്വാസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ കടപ്പാടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാറെല്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹാംഗങ്ങള്ക്കെതിരെ നടന്ന ഒടുവിലെ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ പേടിയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇടയലേഖനത്തിൽ പറയുന്നു . നമ്മുടെ അയല്‍ക്കാരുടെയും സഹപൗരന്മാരുടെയും നേരെയുള്ള ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് ഇരകളുടെ ജീവിതത്തെ തകര്‍ക്കുകയും, ഒരു ജനതയെന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും അപമാനമായി തീരുകയും ചെയ്യുന്നു.
ഇന്ത്യന്‍ സമൂഹവും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളും നമ്മുടെ രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ അപലപനീയമാണ്. ഉദാഹരണത്തിന്, നമ്മുടെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ വിദഗ്ധരുടെ പ്രധാന്യത്തെയെല്ലാവര്ക്കും അറിയാം. അവരുടെ സേവനം ഇല്ലാതെ ആരോഗ്യപരമായ അനവധി ആവശ്യങ്ങള്‍ അയര്‍ലൻഡിന് നിറവേറ്റാനാകില്ല.
തൊഴില്ജീവിതത്തിനപ്പുറം, ഇന്ത്യന്‍ കുടുംബങ്ങളും മറ്റു ന്യൂനപക്ഷ കുടുംബങ്ങളും നമ്മുടെ അതിരൂപതയിലെ ഇടവകകളിലും സ്കൂള്‍ സമൂഹങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നു. ഇന്ത്യന്‍ പുരോഹിതരും, സന്യാസികളും, സന്നദ്ധപ്രവര്‍ത്തകരും ഡബ്ലിനിലെ സഭയുടെ ആത്മീയജീവിതത്തില്‍ അത്യാവശ്യമായ സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ, സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നീചവും ദൈവനിന്ദ്യവുമായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഐറിഷ് സമൂഹത്തിന് അറിയാം.വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടേണ്ട സമയമാണിതെന്നും ലേഖനത്തിൽ പറയുന്നു .

