ഡബ്ലിൻ: അമേരിക്കയിൽ നിന്നും യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ഷാനൻ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടു. രണ്ട് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. യാത്രികർക്ക് വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്നായിരുന്നു രണ്ട് വിമാനങ്ങളും ഷാനൻ വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നത്.
അമേരിക്കൻ എയർലൈൻസ് AA-326 വിമാനവും ന്യൂയോർക്കിൽ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ AA- 198 വിമാനവും ആയിരുന്നു വഴിതിരിച്ചുവിട്ടത്. AA-326 നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ഗ്രീസിലേക്ക് പോകുകയായിരുന്നു. എന്നാൽ വിമാനത്തിലുള്ള രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ ഷാനനിൽ ഇറക്കി. ഡബ്ലിനിൽ ഇറക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു AA- 198 വിമാനം പുറപ്പെട്ടത്. എന്നാൽ യാത്രാവേളയിൽ 50 വയസ്സ് പ്രായമുള്ളയാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു. ഇതോടെയാണ് ഈ വിമാനവും ഷാനൻ വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നത്.

