ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്. സമരം സംബന്ധിച്ച് ജീവനക്കാരിൽ നിന്നും വോട്ടെടുപ്പിലൂടെ അഭിപ്രായം ആരായും. ഇതിന് ശേഷമേ സമരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുളളൂ.
നാഷണൽ ആംബുലൻസ് സർവ്വീസിൽ ജോലി ചെയ്യുന്ന യുണെറ്റ് തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് സമരത്തിനൊരുങ്ങുന്നത്. കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെക്കുറിച്ച് അധികൃതർ സംഘടനയുമായി ആലോചിച്ചില്ലെന്ന് യുണെറ്റ് ആരോപിച്ചു. പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവിലെ കരാർ അനുവദിച്ചാൽ ഭാവിയിൽ തങ്ങൾക്ക് വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള അവസരം നഷ്ടമാകുമെന്നും സംഘടന കൂട്ടിച്ചേർത്തു.

