ഡബ്ലിൻ: ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസത്തിന് സാക്ഷ്യം വഹിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ മാസം റെക്കോർഡ് എണ്ണം യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. ജൂലൈ മാസത്തിൽ 3.8 ദശലക്ഷത്തിലധികം യാത്രികരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ 2.3 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
ജൂലൈയിൽ 3,839,635 യാത്രക്കാർ ഡബ്ലിൻ വിമാനത്താവളം വഴി കടന്നുപോയി എന്നാണ് കണക്കുകൾ. തുടർച്ചയായ 16ാം മാസമാണ് യാത്രികരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഡബ്ലിൻ വിമാനത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം യാത്രികർ സഞ്ചരിക്കുന്നത്. ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ 22 ദശലക്ഷം യാത്രികർ വിമാനത്താവളം വഴി സഞ്ചരിച്ചു. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 5.2 ശതമാനത്തിന്റെ വർധനവാണ് ഇത്.

