ഡബ്ലിൻ: അയർലൻഡിൽ റോഡ് സുരക്ഷാ പദ്ധതികൾ കർശനമാക്കി പോലീസ്. ഇതിന്റെ ഭാഗമായി നിയമ ലംഘനം നടത്തുന്ന ലേണർ ഡ്രൈവർമാർക്കെതിരായ നടപടികൾ കർശനമാക്കി. കനത്ത പിഴയുൾപ്പെടെയാണ് ലേണർ ഡ്രൈവർമാരിൽ നിന്നും ഈടാക്കുന്നത്.
വെള്ളിയാഴ്ച റോഡ് പരിശോധനയ്ക്കിടെ രണ്ട് തവണ നിയമലംഘനം നടത്തിയ ലേണർ ഡ്രൈവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചു. നോർത്ത് ക്ലെയറിലെ പോലീസ് പട്രോളിംഗിനിടെ ആയിരുന്നു സംഭവം. ഫുൾ ലൈസൻസുള്ള ഡ്രൈവറുടെ അകമ്പടിയില്ലാതെ വെള്ള നിറത്തിലുള്ള ഹോണ്ട ഫിറ്റുമായി ലേണർ വരികയായിരുന്നു. രണ്ട് തവണയാണ് പുറത്ത് കറങ്ങുന്നതിനിടെ ഇയാൾ പോലീസിന്റെ പിടിയിലായത്. 1000 യൂറോ പിഴ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ നാല് പെനാൽറ്റി പോയിന്റുകളും ഇയാൾക്ക് ലഭിച്ചു.

