വിക്ലോ: കൗണ്ടി വിക്ലോയിലെ തീരത്ത് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ എത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഡ്രോൺ എത്തിയത് അതീവ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കാർഗോ ഫ്ളൈറ്റിലെ പൈലറ്റ് ആണ് സംഭവം കണ്ടതായി റിപ്പോർട്ട് ചെയ്തത്. ഐറിഷ് കടലിന് മുകളിലായി പറക്കുന്ന ഡ്രോണിനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം അപ്പോൾ തന്നെ മറ്റ് പൈലറ്റുമാർക്ക് കൈമാറുകയായിരുന്നു. ഈ വാരം അവസാനത്തോടെയാണ് ട്രംപ് അയർലൻഡ് സന്ദർശിക്കുക. ക്ലെയറിലും ഡബ്ലിനിലും ആയിരിക്കും അദ്ദേഹം എത്തുക. ഇതിന്റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ തീരത്തുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശന വേളയിലും ഡബ്ലിനിലെ തീരത്ത് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

