ലക്നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടവർക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സൂചന. പിടിയിലായ നാലു യുവാക്കളെയും ചോദ്യം ചെയ്തതിൽ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഷഹ്സാദ് ഭട്ടി നെറ്റ്വർക്കിന്റെ മാനേജർ റാണാ ഭായിയുമായി പിടിയിലായ നാലു പേർക്കും ബന്ധമുണ്ടെന്ന് യു പി എ ടി എസിന്റെ അന്വേഷണത്തിൽ വ്യക്തമായി . ലക്നൗവിൽ എത്താൻ ഇവരോട് നിർദേശിച്ചതും , ഇതിനായി പണം നൽകിയതും, വിദേശ നിർമ്മിത പിസ്റ്റളുകളും, വെടിയുണ്ടകളും നൽകിയതും റാണാഭായി ആണെന്ന് വ്യക്തമായിട്ടുണ്ട്.
ഈ മാസം 27 നാണ് നാലു പ്രതികളും അമൃത്സറിൽ നിന്ന് ലക്നൗവിലെത്തിയത് . പാകിസ്ഥാനിലായിരുന്ന റാണാഭായി ഇതിനായി പണം അയച്ചു നൽകി. നാലു പേരും ഇൻസ്റ്റഗ്രാം, വാട്സാപ്പ് വഴി റാണാഭായിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു.
ലക്നൗവിൽ എത്തിയപ്പോഴാണ് പ്രതികൾക്ക് പിസ്റ്റളുകൾ അടക്കമുള്ള ആയുധങ്ങൾ കൈമാറിയത്. ഇത് പാകിസ്ഥാനിൽ നിന്ന് എത്തിച്ചതാണെന്നും റാണാഭായി ഇവരോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്ന് ലക്നൗ കേന്ദ്രീകരിച്ച നടക്കുന്ന ആയുധക്കടത്തിനെ പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ഡിജിറ്റൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിരവധി നിർണായക സൂചനകൾ ലഭിച്ചു. നിരവധി സംശയാസ്പദമായ ചാറ്റുകൾ, വീഡിയോകൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ എന്നിവയും യുപി എടിഎസ് കണ്ടെടുത്തു.
പൊലീസിനെയും, സൈനികരെയും ഇവർ ലക്ഷ്യം വച്ചിരുന്നോയെന്നും , രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങൾ ലക്ഷ്യം വച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നാലു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

