ഡബ്ലിൻ: ബീച്ചുകളിൽ നീന്താനെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലൻഡും മറൈൻ റെസ്ക്യു കോർഡിനേഷൻ സെന്ററും. മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷം മാത്രം 51 പേരാണ് മുങ്ങിമരിച്ചത്.
ഊതി വീർപ്പിക്കാവുന്ന ഉപകരണങ്ങളുമായി കടലിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംആർസിസി പ്രതിനിധി ഇവാൻ ലോംഗ്മോർ പറഞ്ഞു. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകും. ഈ വേളയിൽ നിയന്ത്രണം നഷ്ടമാകാനും അപകടം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിക്ലോയിൽ ഊതിവീർപ്പിക്കാവുന്ന ലിലോയുമായി കടലിൽ ഇറങ്ങിയ 13 കാരി അപകടത്തിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 51 മരണങ്ങളാണ് വെള്ളത്തിലിറങ്ങിയുള്ള അപകടത്തെ ഉണ്ടായതെന്ന് വാട്ടർ സേഫ്റ്റി അയർലൻഡ് പ്രതിനിധി പറഞ്ഞു. എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. കടലിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വരും ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥയായതിനാൽ ധാരാളം പേർ ബീച്ചുകളിലേക്ക് എത്തും. വെള്ളത്തിൽ സമയം ചിലവിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

