ഡബ്ലിൻ: അയർലന്റിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നല്ല ചൂടുള്ള കാലാവസ്ഥ വന്നെത്തിയിരിക്കുകയാണ്. നിലവിൽ 25 ഡിഗ്രിവരെയാണ് രാജ്യത്ത് താപനില അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ ഇത് 30 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നാണ് പ്രവചനം.
ചൂട് ആരംഭിച്ചതോടെ വീടിന് പുറത്താണ് അയർലന്റിലെ ആളുകൾ വ്യാപകമായി തുണി ഉണക്കുന്നത്. നല്ല വെയിലായതിനാൽ അതിവേഗം തന്നെ പുറത്തിടുന്ന തുണികൾ ഉണങ്ങിക്കിട്ടും. വെയിലത്ത് തുണികൾ ഉണക്കുന്നതാണ് ആരോഗ്യകരമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അയർലന്റിലെ ജനങ്ങൾ തുണികൾ പുറത്ത് ഉണങ്ങാനിടുമ്പോൾ വ്യാഴാഴ്ച മുതൽ ഒന്ന് ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
പൂമ്പൊടിയും മറ്റ് പൊടിപടലങ്ങളും അന്തരീക്ഷത്തിൽ വർദ്ധിക്കുന്ന കാലമാണ് ചൂട് കാലം. ഇവ പുറത്ത് ഉണങ്ങാനിടുന്ന തുണികളിൽ പറ്റിപ്പിടിക്കാം. ഈ വസ്ത്രം നാം ധരിക്കുമ്പോൾ ചൊറിച്ചിലുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

