ഡബ്ലിൻ: അയർലൻഡിലെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നിർമ്മാണ പൂർത്തീകരണം വൈകുന്നു. ഈ വർഷം ആശുപത്രി തുറന്ന് കൊടുക്കില്ലെന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറ്റവും അവസാനമായി നിശ്ചയിച്ചിരുന്ന തിയതിയിലും ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. അതേസമയം ഇത് 16ാമത്തെ തവണയാണ് പദ്ധതിയുടെ പൂർത്തീകരണം നിശ്ചയിച്ച തിയതിയിൽ നിന്നും വൈകുന്നത്.
അയർലൻഡിലെ ഏറ്റവും ചിലവേറിയ നിർമ്മാണ പദ്ധതിയാണ് നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ. 2016 ൽ ആയിരുന്നു ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയുടെ സ്ഥലത്ത് നിർമ്മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാരണങ്ങളെ തുടർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുകയായിരുന്നു. ഫണ്ടിൽ ഉണ്ടായ കുറവും നിർമ്മാതാക്കളും മേൽനോട്ടം വഹിക്കുന്ന ബോർഡും തമ്മിലുള്ള വിള്ളലും എല്ലാം പദ്ധതി വൈകാൻ കാരണമായി. മുഴുവൻ നിർമ്മാണവും പൂർത്തിയാക്കിയ ശേഷം അടുത്ത വർഷത്തോടെ ആശുപത്രി തുറന്ന് നൽകും.

