വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ സജീവമാണെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ . മുട്ടകൾക്ക് കാലപഴക്കം മൂലമുണ്ടാകുന്ന മാറ്റങ്ങളാണിതെന്നും എഫ്എസ്എസ്എഐ പറയുന്നു. മറ്റ് തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്ന അറിയിപ്പിനൊപ്പം ശാസ്ത്രീയമായ രീതിയിലൂടെ ഭക്ഷ്യയോഗ്യമായ മുട്ടകൾ എങ്ങനെ കണ്ടെത്താമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുണ്ട്.
പഴയ മുട്ട പൊട്ടിക്കുമ്പോൾ അതിലെ മഞ്ഞക്കരുവും, വെള്ളയും പരസ്പരം കൂടിക്കലർന്ന് പോകാറുണ്ട് . ഇത് പ്ലാസ്റ്റിക് മുട്ട ആയതിനാൽ അല്ല , മറിച്ച് മുട്ട പഴകുമ്പോൾ അതിനുള്ളിലെ ഘടന ദുർബലമാകുന്നതിനാൽ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണിത്. നിസാരമായ വാട്ടർ ടെസ്റ്റുകളിലൂടെ നമുക്ക് മുട്ടയുടെ ഫ്രഷ്നസ് പരിശോധിക്കാനാകും .
ഒരു പാത്രത്തിലോ ഗ്ലാസിലോ ശുദ്ധമായ വെള്ളം എടുത്ത് മുട്ട അതിലേക്ക് പതുക്കെ ഇടുക. മുട്ട വെള്ളത്തിന്റെ അടിത്തട്ടിൽ കിടക്കുകയാണെങ്കിൽ അത് വളരെ ഫ്രെഷായ മുട്ടയാണ്.മുട്ട വെള്ളത്തിൽ നേരെ നിൽക്കുകയാണെങ്കിൽ അതിന് അൽപം പഴക്കമുണ്ടെന്ന് മനസ്സിലാക്കാം.
മുട്ട വെള്ളത്തിന് മുകളിലേക്ക് പൊന്തിക്കിടക്കുകയാണെങ്കിൽ അത് പഴകിയതോ കേടായതോ ആയ മുട്ടയാണ്. മുട്ടയുടെ തോടിൽ സൂക്ഷ്മമായ സുഷിരങ്ങൾ ഉണ്ട് . ഇത് വഴി വായുവും , ഈർപ്പവും അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കാറുണ്ട്. മുട്ട പഴകുന്തോറും അതിനുള്ളിലെ ഈർപ്പം പുറത്തേക്ക് പോയി നഷ്ടപ്പെടുന്നു. ഈർപ്പം നഷ്ടപ്പെടുന്നതിലൂടെ മുട്ടയ്ക്കുള്ളിലെ വായു അറ വലുതാകുന്നു. ഇത് മുട്ടയെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു. ഈർപ്പം നഷ്ടപ്പെടുന്നതു കാരണം മുട്ടയുടെ പുറംതോട് കൂടുതൽ വരണ്ടതായി കാണപ്പെടാം.
മുട്ട പൊട്ടിക്കുമ്പോൾ അസാധാരണമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുക.മുട്ടയുടെ തോടിൽ വിള്ളലുകളോ അഴുകിയ പാടുകളോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുക.

