പാരീസ് : രാജ്യം കത്തുമ്പോഴും അഭയാർത്ഥികളെ കുറ്റപ്പെടുത്താനാകാതെ ഫ്രാൻസ് . കലാപങ്ങളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനകളെ അംഗീകരിക്കാനാവാത്തതും, മണ്ടത്തരവും എന്ന് വിശേഷിപ്പിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തള്ളിയത്.
അക്രമങ്ങൾക്ക് പിന്നിൽ മുസ്ലീം കുടിയേറ്റക്കാരാണെന്ന ആരോപണങ്ങളെയും മാക്രോൺ തള്ളിക്കളഞ്ഞു. ജീവിതച്ചെലവ് കുതിച്ചുയർന്നതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് വ്യാപകമായ കലാപത്തിലേക്കും കൊള്ളയടിക്കലിലേക്കും നയിച്ചതെന്നാണ് മാക്രോൺ പറയുന്നത്.
ചരിത്രപരമായി കത്തോലിക്കാ വിശ്വാസമുള്ള ഫ്രാൻസിനു നേരെ മുസ്ലീങ്ങൾ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്ന് യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്. “ഇന്ന്, അമേരിക്കൻ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഏറ്റവും വലിയ ഭീഷണി തീവ്ര ഇസ്ലാമാണ്. മിതവാദികൾ തീവ്ര ഇസ്ലാമിന് വഴങ്ങിക്കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് ഫ്രാൻസിൽ നാം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്,” ട്രംപ് പങ്കെടുത്ത തിങ്കളാഴ്ചത്തെ റാലിയിൽ കൻസാസ് സെനറ്റർ റോജർ മാർഷൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
“വൈകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്യുക!” എന്നും ട്രംപ് മാക്രോണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കലാപങ്ങളിൽ കുടിയേറ്റക്കാർക്ക് പങ്കുണ്ടെന്ന വാദങ്ങളെ മാക്രോൺ പൂർണ്ണമായും തള്ളി. മാത്രമല്ല ഫ്രാൻസിൽ നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലാണ് ഉള്ളതെന്നാണ് മാക്രോൺ പറയുന്നത്.
ഫ്രാൻസിൽ നടന്നിട്ടില്ലാത്ത സംഭവങ്ങൾ നടന്നതായി ചിത്രീകരിക്കുന്ന, എ ഐ ഇമേജുകളെ പറ്റിയും മാക്രോൺ സംസാരിച്ചു. “ഫ്രാൻസിൽ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കുന്ന, AI ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ നാം കണ്ടു. കുടിയേറ്റക്കാരുടെയും ഇസ്ലാമിസ്റ്റുകളുടെയും വലിയ കൂട്ടം ഫ്രാൻസിനെ ആക്രമിച്ചു എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്; എന്നാൽ ഇത് പൂർണ്ണമായും തെറ്റാണ്,” മാക്രോൺ പറഞ്ഞു. ട്രംപിനെക്കുറിച്ചാണോ സംസാരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “മറ്റുള്ളവരോടൊപ്പം അദ്ദേഹത്തെയും ഉദ്ദേശിക്കുന്നുണ്ട്” എന്നും മാക്രോൺ മറുപടി നൽകി.

