അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും കാരണം അടുത്ത കാലത്തായി ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. പ്രായമായവരിലാണ് സാധാരണയായി ഹൃദയാഘാതം കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ചെറുപ്പത്തിൽ തന്നെ കുഴഞ്ഞു വീണ് മരിക്കുന്നവർ ഏറെയാണ്.
ഇത് തടയുന്നതിന്, നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും അതിന്റെ ലക്ഷണങ്ങളെ കുറിച്ച് ശരിയായ അവബോധം നേടുകയും വേണം. കാരണം, ഹൃദയാഘാതം സംഭവിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മുടെ ശരീരത്തിൽ ഹൃദയാഘാത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. കൃത്യസമയത്ത് അവയെ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കും. അതുകൊണ്ട്, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയാഘാതത്തിന് 30 ദിവസം മുമ്പ് നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്ന് കണ്ടെത്തണം.
ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ്, ഒരു വ്യക്തിക്ക് നെഞ്ചുവേദന അനുഭവപ്പെടാം. നെഞ്ചിനു ചുറ്റും സമ്മർദ്ദവും ഭാരവും അനുഭവപ്പെടാം. ചിലർക്ക് കൈകൾ, തോളുകൾ, താടിയെല്ലുകൾ എന്നിവയിലും വേദന ഉണ്ടാകാം. നിങ്ങളുടെ നെഞ്ച്, തോളുകൾ, താടിയെല്ല് എന്നിവയ്ക്ക് വേദനയുണ്ടെങ്കിൽ, അത് അവഗണിക്കരുത്.
ഹൃദയാഘാതത്തിന് മുമ്പ് ശരീരം തളരും . കഠിനമായ ജോലിയൊന്നുമില്ലാതെ പോലും ശരീരം പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്തേക്കാം. ഇത് ആവർത്തിച്ച് സംഭവിച്ചാൽ, അവഗണിക്കരുത്. പകരം, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ്, ഒരു വ്യക്തിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ ജോലികൾ ചെയ്തതിനു ശേഷവും നിങ്ങൾക്ക് വളരെ ക്ഷീണം തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങിയാൽ, അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.