ഡബ്ലിൻ: തിരക്ക് വർധിച്ചതോടെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. ബുധനാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 683 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ കിടക്കകൾ ലഭിക്കാത്ത രോഗികൾക്ക് മറ്റ് സംവിധാനങ്ങളിൽ ചികിത്സ നൽകുന്നുണ്ട്.
419 രോഗികൾ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 264 പേർ മറ്റ് വിഭാഗങ്ങളിലും ചികിത്സയിലുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത്. 131 പേർ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 37 പേരും സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 58 പേരും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്.

