ടെഹ്രാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയ്ക്ക് വേണ്ടിയുള്ള പാകിസ്താന്റെ കാത്തിരിപ്പ് നീളുന്നു. ഹോർമുസ് വഴി പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ നാവികസേന പിടിച്ചിട്ടു. നിർബന്ധമായും പാലിക്കേണ്ട സമുദ്ര പ്രോട്ടോക്കോൾ ലംഘിച്ചതിനാലാണ് ഇതെന്നാണ് വിവരം.
പാകിസ്താനിലെ കറാച്ചി തുറമുഖത്തേക്ക് പോയ സെലൻ എന്ന കപ്പലാണ് വഴിയിലായത്. ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതായാണ് അധികൃതർ നൽകുന്ന വിശദീകരണം.
അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഇല്ലാത്ത ഒരു കപ്പലുകളെയും ഹോർമുസ് കടലിടുക്ക് കടന്ന് പോകാൻ അനുവദിക്കില്ല എന്ന് പശ്ചിമേഷ്യൻ സംഘർഷം നേരിട്ടുള്ള ആക്രമണത്തിലേക്ക് കടന്ന നാളുകളിൽ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ആർ ജി സി പാക് കപ്പലിന് ക്ലിയറൻസ് നിഷേധിച്ചത്.
മാർച്ച് 28ന് കറാച്ചി തുറമുഖത്ത് നങ്കൂരമിടേണ്ട കപ്പലാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാക വഹിക്കുന്ന സെലൻ.

