ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ കൈമാറി ബഹ്റൈൻ കിരീടാവകാശിയും , കുടുംബാംഗങ്ങളും . കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യക്കാരായ നിരവധി പേരുടെ കുടുംബങ്ങളെ കാണാനെത്തിയത് .
ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ വ്യവസായികളായ കവലാനി , താക്കർ, ബാബൂഭായ് കേവൽ റാം , മുൽജിമൽ, അസർപോട്ട, ഭാട്ടിയ കുടുംബങ്ങളെയാണ് കിരീടാവകാശി നേരിട്ട് കാണാനെത്തിയത് . മറ്റ് രാജകുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യവും , സ്നേഹവും നിലനിർത്തുന്നതിൽ ഇന്ത്യക്കാർക്ക് വളരെയേറെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ സേവിക്കുന്നതിലും , പരസ്പര വിശ്വാസവും ,സഹകരണവും ഉറപ്പാക്കുന്നതിലും ഇന്ത്യക്കാർ വഹിക്കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു .എല്ലാ മതവിഭാഗങ്ങളോടും ഒരുപോലെ അനുകമ്പ കാട്ടുന്ന രാജ്യത്തിന്റെ നയവും , പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.പ്രവാസി സമൂഹത്തിന് എന്നും ശക്തമായ പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും , കുടുംബത്തിനും ഇന്ത്യൻ വ്യവസായികളും നന്ദി അറിയിച്ചു.
ബഹ്റൈനിലെ വലിയ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണെന്ന് ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഖൗദ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് കിരീടാവകാശി തന്നെ ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിക്കാൻ നേരിട്ടെത്തിയത്.