ഫുട്ബോൾ ലോകത്തിന്റെ ഇതിഹാസമായി മാറുന്നതിന് മുൻപ് ലയണൽ മെസി എന്ന മിടുക്കൻ ബാല്യം ചിലവഴിച്ച , പന്തുതട്ടി വളർന്ന ഇടം , അർജന്റീനയിലെ റൊസാരിയോ . പതിമൂന്നാം വയസ്സുവരെ സാന്താ ഫെ പ്രവിശ്യയിലെ ഈ വലിയ നഗരത്തിലാണ് മെസ്സി ജീവിച്ചിരുന്നത്. മെസി കാല്പന്തിനോടുള്ള തന്റെ അടങ്ങാത്ത ആവേശം പങ്ക് വച്ചതും ഈ മണ്ണിലാണ്.
എക്കാലത്തെയും മികച്ച താരത്തെയാണ് തങ്ങൾ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചതെന്ന് ഈ നാട്ടുകാർ അഭിമാനത്തോടെ പറയും. റൊസാരിയോയിലെ എസ്റ്റാഡോ ഡി ഇസ്രയേൽ തെരുവിലെ 500-ാം നമ്പർ വീട്ടിലായിരുന്നു മെസ്സിയുടെ കുട്ടിക്കാലം . അർജന്റീനയുടെ പതാകകളും, മെസിയ്ക്കുള്ള സ്നേഹസന്ദേശങ്ങളും കൊണ്ട് നിറച്ച വീടാണിത് . ഇന്ന് അവിടെ ആരും താമസിക്കുന്നില്ല, വാതിലുകളും ജനലുകളും പൂർണമായും അടഞ്ഞു കിടക്കുകയാണ്. ചുമരുകളിൽ വരച്ചുചേർത്ത മെസ്സിയുടെ മനോഹരമായ ചുവർചിത്രം ആ വീടിന് ജീവൻ നൽകുന്നു.
മെസ്സിയുടെ വീടിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ‘മ്യൂസിയോ ഡെൽ ഡിപോർട്ടെ സാന്താഫെസിയാനോ’ സാന്താ ഫെ പ്രവിശ്യയിലെ കായികതാരങ്ങളുടെ ചരിത്രം പറയുന്ന ഇടമാണ്. ഇതിൽ ഫുട്ബോളിനായി നീക്കിവച്ച ഭാഗത്തെ പ്രധാന ആകർഷണം മെസ്സി തന്നെ.ലാ ബജാദ എന്ന ഗ്രാമത്തിന്റെ ഓരോ കോണിലും അർജന്റീനൻ നായകനോടുള്ള ആദരവ് പ്രകടമാണ്. തെരുവ് വിളക്കുകളിലും നടപ്പാതകളിലും ചുമരുകളിലും മെസ്സിയുടെ ചിത്രങ്ങളും സ്മരണകളും നിറഞ്ഞുനിൽക്കുന്നു.
ഇന്ന് ലോകകപ്പ് സ്പെയിന് സ്വന്തമാകുമ്പോൾ മെസിയോളം വേദനയിലാണ് മെസിയുടെ നാടും . മനോഹരമായ ഓർമ്മകൾ സമ്മാനിച്ച തങ്ങളുടെ പ്രിയപ്പെട്ട മെസ്സിയ്ക്ക് നന്ദി പറയുകയാണ് ഈ നാടും, വീടും.

