പാരീസ്: 2024 പാരീസ് ഒളിമ്പിക്സിലെ വനിതാ ബോക്സിംഗ് സ്വർണ്ണ മെഡൽ ജേതാവായ അൾജീരിയൻ താരം ഇമാൻ ഖലീഫിന്റെ ലിംഗ പരിശോധനാ ഫലം ചോർന്നു. റിപ്പോർട്ട് പ്രകാരം ഖലീഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളുമാണ് ഉള്ളത്. ഇയാൾക്ക് ഗർഭപാത്രമില്ല. കൂടാതെ, ഇയാൾക്ക് മൈക്രോ പെനിസ് ഉള്ളതായും എം ആർ ഐ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പുറത്ത് വന്നതോടെ ഖലീഫിന്റെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേട്ടം ചോദ്യം ചെയ്യപ്പെടുകയാണ്. 2023 ജൂണിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ആണ് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകർ ചോർത്തിയിരിക്കുന്നത്.
വനിതാ കായിക മത്സരങ്ങളിലെ ഇമാൻ ഖലീഫിന്റെ പ്രാതിനിധ്യം ഇതിന് മുൻപും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2023ൽ ന്യൂഡൽഹിയിൽ നടന്ന ബോക്സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഖലീഫിനെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ വിലക്കിയിരുന്നു. ഖലീഫിനെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുപ്പിച്ചതിനെതിരെ ഡൊണാൾഡ് ട്രമ്പ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു.
റിപ്പോർട്ട് പ്രകാരം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഖലീഫിന്റെ ശരീരത്തിൽ, പുരുഷന്മാർക്ക് തുല്യമായ അളവിൽ ഉണ്ട്. ഇയാളുടേത് ഒരു പ്രത്യേകതരം ജനിതക വൈകല്യമാണെന്നും ശസ്ത്രക്രിയയിലൂടെ ലൈംഗിക വ്യക്തിത്വം ഇയാൾക്ക് തിരഞ്ഞെടുക്കമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇയാൾക്ക് മനശാസ്ത്ര പിന്തുണ അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാരീസ് ഒളമ്പിക്സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തിനിടെ ഇമാനില്നിന്ന് മൂക്കിന് ഇടിയേറ്റ ഇറ്റാലിയന്‍ താരം ആഞ്ജല കരിനി മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു. ആഞ്ജലയുടെ പിന്മാറ്റത്തിനുശേഷം റഫറി ഇമാനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇമാൻ ഖലീഫ് ജൈവശാസ്ത്രപരമായി പുരുഷനാണെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് കായിക പ്രേമികളിൽ നിന്നും വലിയ തോതിലുള്ള രോഷപ്രകടനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഒരു പുരുഷൻ സ്ത്രീകളെ ഇടിക്കൂട്ടിൽ പരസ്യമായി തല്ലി വീഴ്ത്തുന്നതാണോ ഒളിമ്പിക്സ് വിഭാവനം ചെയ്യുന്ന ലിംഗ നൈതികതയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു.
അതേസമയം ഇമാൻ ഖലീഫിനെ വേട്ടയാടുന്നത് അവർ മുസ്ലീം ആയതിനാലാണെന്ന വാദവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ കായിക മത്സരങ്ങളിൽ വംശീയതയും ഇരവാദവും ഉന്നയിച്ചാൽ സത്യം സത്യമല്ലാതാകുന്നില്ല എന്നാണ് ഇതിന് മറുവാദമായി ഉന്നയിക്കപ്പെടുന്നത്.