ന്യൂഡൽഹി ; ഈ വർഷം ഇന്ത്യയിൽ മൺസൂൺ കാലത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . അതുപോലെ, ദീർഘകാല ശരാശരിയുടെ 105% സീസണൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയും ചെയ്യും. ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.
ഐഎംഡിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ പ്രവചനം സൂചിപ്പിക്കുന്നത്, ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുകൂലമായ മഴ ലഭിക്കുമെന്നാണ്. നാല് മാസത്തെ മൺസൂൺ സീസണിൽ ലഡാക്ക്, വടക്കുകിഴക്കൻ ഇന്ത്യ, തമിഴ്നാട് എന്നിവിടങ്ങളിൽ സാധാരണയിലും കുറഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസക്കാലത്തെ മൺസൂൺ കാലത്ത് ഇന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാല ശരാശരി മഴ 87 സെന്റീമീറ്ററായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു,” ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മൊഹപത്ര പത്രസമ്മേളനത്തിൽ പറഞ്ഞു.