ഡബ്ലിൻ: കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഉരുളക്കിഴങ്ങ് കർഷകർക്ക് മുന്നറിയിപ്പ്. ഉരുളക്കിഴങ്ങിൽ വാട്ട രോഗത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് നിലവിൽവന്ന മുന്നറിയിപ്പ് ശനിയാഴ്ച അർദ്ധരാത്രിവരെ തുടരും.
നിലവിലെ കാലാവസ്ഥ ഉരുളക്കിഴങ്ങിലെ വാട്ടരോഗത്തിന് അനൂകലമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കാർലോ, കാവാൻ, ക്ലെയർ, കോർക്ക്, ഡൊണഗൽ, ഡബ്ലിൻ, ഗാൽവേ, കെറി, കിൽഡെയർ, കിൽകെന്നി, ലൈട്രിം, ലാവോയിസ്, ലിമെറിക്ക്, ലോങ്ഫോർഡ്, ലൗത്ത്, മായോ, മീത്ത്, മോനാഗൻ, ഓഫാലി, റോസ്കോൺ, സ്ലൈഗോ, ടിപ്പററി, വാട്ടർഫോർഡ്, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലെ കർഷകർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ കൗണ്ടികളിലെ കർഷകർ കാലാവസ്ഥാ പ്രവചനങ്ങൾ എപ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപന സാദ്ധ്യതയുള്ളതിനാലും വിളകൾക്ക് നാശം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാലും കർഷകർ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

