കണ്ണുകൾ പോലും കഥ പറയുന്ന നടി , അതായിരുന്നു സിൽക്ക് സ്മിത. ഒരു മാദക നടിയായേ ഈ തലമുറയുടെ മുന്നിൽ സിൽക്ക് സ്മിതയുടെ ചിത്രം തെളിയുകയുള്ളൂ. എന്നാൽ അതിനുമപ്പുറമായിരുന്നു എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞു നിന്ന ഈ സ്വപ്നനായിക.
ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിൽ വട്ലപാട്ടി വിജയലക്ഷ്മിയായി ജനിച്ച സ്മിതയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 10-ാം വയസ്സിൽ പഠനം നിർത്തി . 14-ാം വയസ്സിൽ അവരുടെ സമ്മതമില്ലാതെ, പ്രായമായ ഒരാളുമായി വിവാഹവും നടന്നു. ഏകദേശം രണ്ട് വർഷത്തോളം ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പിന്നീട്, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജീവിക്കാൻ അവർ തീരുമാനിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്മിത തന്റെ അമ്മായിയുടെ സഹായത്തോടെ നഗരത്തിലേക്ക് താമസം മാറി. ജീവിക്കാനായി വീട്ടുജോലിക്കാരിയായും പിന്നീട് സിനിമാ സെറ്റുകളിൽ ടച്ച്-അപ്പ് ആർട്ടിസ്റ്റായും അവർ ജോലി ചെയ്തു. സെറ്റുകളിലെ സാന്നിധ്യം അവർക്ക് പുതിയ അവസരങ്ങൾ നൽകി.
സിനിമാ സംവിധായകൻ വിനു ചക്രവർത്തിയാണ് സിൽക്ക് സ്മിതയെ കണ്ടെത്തിയത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് സമീപമുള്ള ഒരു മില്ലിൽ വെച്ചാണ് അദ്ദേഹം സ്മിതയെ കണ്ടത്. തുടർന്ന് അഭിനയം, നൃത്തം, പെരുമാറ്റരീതികൾ എന്നിവയിൽ പരിശീലനം നൽകി അവരെ സിനിമയ്ക്കായി രൂപപ്പെടുത്തി .
1980-ൽ പുറത്തിറങ്ങിയ ‘വണ്ടിചക്രം’ എന്ന തമിഴ് ചിത്രമാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ സിനിമയിൽ അവതരിപ്പിച്ച ‘സിൽക്ക്’ എന്ന കരുത്തുറ്റ കഥാപാത്രം വലിയ സ്വാധീനം ചെലുത്തുകയും പിന്നീട് ആ പേരിൽ അവർ അറിയപ്പെടുകയും ചെയ്തു. വിജയ ലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കും രൂപാന്തരപ്പെട്ടപ്പോള്‍ അവള് ചേക്കേറിയത് യുവാക്കളുടെ ഹൃദയത്തിലേക്കാണ്
തെലുങ്ക്,മലയാളം, ഹിന്ദി, കന്നട ചിത്രങ്ങളില്‍ തിരക്കുള്ള നടിയായി സ്മിത മാറി. ആദ്യകാലത്ത് വെറുമൊരു മാദകനടിയായിരുന്നു സ്മിത. ഒരു പാട്ടില്‍ സ്മിതയുണ്ടെങ്കില്‍ ചിത്രം ഹിറ്റ്. അതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല . അവർ കടിച്ച ആപ്പിളിന് ലേലത്തില്‍ എത്ര തുക കൊടുക്കാനും അവര്‍ക്കു മടിയുണ്ടായിരുന്നില്ല.തന്റെ കരിയറിന്റെ ഉന്നതിയിൽ ഒരു നൃത്ത രംഗത്തിന് 50,000 രൂപയോളം സ്മിത പ്രതിഫലം വാങ്ങിയിരുന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. പല ദിവസങ്ങളിലും ഒരേസമയം ഒന്നിലധികം പ്രോജക്റ്റുകളിൽ അവർ ജോലി ചെയ്തിരുന്നു.
1995ൽ ചിത്രീകരിച്ച ‘തങ്കത്താമരയാണ് സിൽക്കിൻറെ അവസാനചിത്രം. 1996 സെപ്റ്റംബർ 23-ന് സിൽക്ക് സ്മിതയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ആത്മഹത്യയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മരണത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്.മരണത്തിന് തലേദിവസം രാത്രി അവർ സുഹൃത്തുക്കളായ അനുരാധയെയും നടൻ രവിചന്ദ്രനെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.
അടുത്ത ദിവസം രാവിലെ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. “ഒരു നടിയാകാൻ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. ആരും എന്നെ സ്നേഹിച്ചില്ല. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്തു,” പോലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ സിൽക്ക് സ്മിത എഴുതിയിരുന്ന അവസാന വാക്കുകൾ ഇതായിരുന്നു.

