കൊച്ചി: 48 വർഷത്തെ സിനിമാ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തിലെത്തിയ മോഹൻലാൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിന് ജൂറിയോടും കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി പറഞ്ഞു. പത്രസമ്മേളനത്തിൽ കേക്ക് മുറിച്ച് മോഹൻലാൽ സന്തോഷം പങ്കുവെച്ചു. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി എന്നിവരും മോഹൻലാലിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.
‘എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്. ജൂറിക്കും കേന്ദ്ര സർക്കാരിനും ഞാൻ നന്ദി പറയുന്നു. ആദ്യമായി, സർവ്വശക്തനും, എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, എന്റെ സഹതാരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. മലയാള സിനിമയ്ക്കാണ് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നത്. ഞാൻ എന്റെ അമ്മയെ കണ്ട് അവാർഡിനെക്കുറിച്ച് പറഞ്ഞു. അമ്മയുടെ അനുഗ്രഹം തേടിയാണ് ഞാൻ ഇവിടെ നിങ്ങളുടെ മുന്നിൽ വന്നത് . കഴിഞ്ഞ 48 വർഷമായി എന്നോടൊപ്പം പ്രവർത്തിച്ച പലരും ജീവിച്ചിരിപ്പില്ല, ഈ നിമിഷം ഞാൻ അവരെ ഓർക്കുന്നു.
മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. എനിക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്, പക്ഷേ ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ദൃശ്യം 3 യുടെ ഷൂട്ടിംഗ് നാളെ ആരംഭിക്കാൻ പോകുന്നു. അവാർഡ് വാർത്ത ആദ്യം അറിയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഞാൻ ആദ്യമായി അതിനെക്കുറിച്ച് കേട്ടപ്പോൾ, അത് വീണ്ടും ഒന്നും കൂടി ഞാൻ അവരോട് ചോദിച്ച് ഉറപ്പിച്ചു . അത് ഒരു വ്യക്തതയ്ക്കായിട്ടായിരുന്നു. 48 വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,’ മോഹൻലാൽ പറഞ്ഞു.

