വ്യത്യസ്ത വേഷങ്ങളിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയും ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി താരങ്ങളുണ്ട് . അവരിൽ ഒരാളാണ് നാനാ പടേക്കർ. അതുല്യമായ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം മൂന്ന് തവണ ദേശീയ അവാർഡ് നേടി. തൻ്റെ കരിയറിൻ്റെ ഉന്നതിയിൽ, കാർഗിൽ യുദ്ധകാലത്ത് സൈന്യത്തിൽ ചേരുകയും അതിർത്തികളിൽ ശ്രദ്ധേയമായ സേവനങ്ങൾ നൽകുകയും ചെയ്തു. നാനാ പടേക്കർ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത് . . രാജ്യം പ്രതിസന്ധിയിലായപ്പോൾ സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം താൻ പ്രകടമാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് .
അടുത്തിടെ അമിതാഭ് ബച്ചൻ്റെ ‘കൗൺ ബനേഗാ ക്രോർപതി’ ഷോയിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . മുൻപ് നാനാ പടേക്കർ കുറച്ച് നാൾ സൈനികസേവനം നടത്തിയിട്ടുണ്ട് . 1990 കളുടെ തുടക്കത്തിൽ, അദ്ദേഹം മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ മൂന്ന് വർഷം പരിശീലനം നേടി. 1999-ൽ അദ്ദേഹം കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം കാർഗിലിലേയ്ക്ക് പോകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
ഇതിന് പ്രതിരോധമന്ത്രിയുടെ അനുവാദം വേണമെന്നറിഞ്ഞ് അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനെ വിളിച്ച് താൻ മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് പറഞ്ഞു. തുടർന്ന് നാനാ പടേക്കർക്ക് അനുമതി നൽകി. 1999 ഓഗസ്റ്റിൽ നാനാ പടേക്കർ രണ്ടാഴ്ച നിയന്ത്രണരേഖയിൽ ചെലവഴിച്ചു. സൈനികരെ സഹായിക്കുകയും പരിക്കേറ്റവർക്കായി ബേസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുകയും ചെയ്തു. ശ്രീനഗറിലേക്ക് പോകുമ്പോൾ 76 കിലോഗ്രാം ഭാരമുണ്ടായിരുന്നെങ്കിലും തിരിച്ചെത്തിയപ്പോൾ 56 കിലോയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.