1993 മുതലുള്ള രാഷ്ട്രീയ പരിചയം. മൂന്നര പതിറ്റാണ്ടോളമായി എൽ ഡി എഫിലെ നിറസാന്നിധ്യം.സ്വദേശം വടകര ആണെങ്കിലും ശോഭയെക്കുറിച്ച് കതിരൂരിലെ ജനങ്ങൾക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല. പൊതുപ്രവർത്തനങ്ങളിലൂടെ നാടിന്റെ മനസിൽ ഇടംനേടിയ വനിതാ നേതാവാണ് ശോഭ. ഇക്കുറി എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കതിരൂർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എം കെ ശോഭ മത്സരിക്കുന്നു.
രാഷ്ട്രീയ പരിചയം തന്നെയാണ് ശോഭയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ട് തന്നെ ഇത് മൂന്നാം തവണയാണ് ശോഭ ജനവിധി തേടുന്നത്. 2005ലായിരുന്നു ശോഭയുടെ കന്നിയങ്കം. കതിരൂർ തെരു 4ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം. അന്ന് കതിരൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് ശോഭയ്ക്കായിരുന്നു. 2010 ൽ കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശോഭ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ബീഡി തൊഴിലാളിയായിരുന്ന ശോഭ പതിനെട്ടാം വയസ്സിലാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. പിന്നീടങ്ങോട്ട് പാർട്ടിയുടെ വക്താവായി മാറി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായി. പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച ശോഭയ്ക്ക് പാർട്ടി നിരവധി ചുമതലകളും നൽകി. മഹിളാ അസോസിയേഷൻ കതിരൂർ വില്ലേജ് സെക്രട്ടറിയായി 9 വർഷക്കാലത്തോളം തുടർന്നു.
പിന്നീട് തലശ്ശേരി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഏരിയ സെക്രട്ടറിയായി. മൂന്ന് തവണ ഈ പദവിയിൽ തുടരാൻ ശോഭയ്ക്ക് കഴിഞ്ഞു. റെബ്ക്കോ എംപ്ലോയിസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗവും കതിരൂർ വില്ലേജ് വനിതാ സഹകരണ സംഘത്തിന്റെ ഡയറക്ടറും കൂടിയാണ് ശോഭ .
വികസന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച പഞ്ചായത്താണ് കതിരൂർ ഗ്രാമപഞ്ചായത്ത്. ഇതിൽ ശോഭ അടങ്ങിയിട്ടുള്ള ഭരണ സമിതിയുടെ പങ്ക് വളരെ വലുതാണ്. പഞ്ചായത്തിന്റെ പരിധിയിൽ ആദ്യമായി ഗ്യാസ് ശ്മശാനം സ്ഥാപിച്ചത് ഈ ഭരണസമിതിയുള്ള കാലത്താണ്. കൂടാതെ നിരവധി റോഡുകളുടെ ടാറിങ്ങും പൂർത്തിയാക്കിയിട്ടുണ്ട്.
വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങി പുറപ്പെടുമ്പോൾ ശോഭയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ചോനാടം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുകയാണ് ഇതിൽ ആദ്യത്തേത്. വിദ്യാഭ്യാസരംഗത്തെ വികസനവും മനസിലുണ്ട്. തന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കതിരൂരിലെ ജനങ്ങൾ ഇക്കുറിയും ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ശോഭ.

