ധർമ്മടമെന്ന് കേട്ടാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമാണ് മനസിൽ തെളിയുക. മുഖ്യമന്ത്രിയാകാൻ പിണറായി വിജയനെ തുണച്ച, ചെങ്കോട്ടയായ ധർമ്മടത്ത് ചുവപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു യുവ സ്ഥാനാർത്ഥി. എം.കെ ഷിൻജിത്ത്. ധർമ്മടം പഞ്ചായത്തിലെ ആറാം വാർഡിലാണ് എൻഡിഎയെ പ്രതിനിധീകരിച്ച് ഷിൻജിത്ത് മത്സരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ഷിൻജിത്തിന് കൃത്യമായ വികസന കാഴ്ചപ്പാടുകളുണ്ട്. കേന്ദ്ര സർക്കാറിന്റെ പദ്ധതികൾ നടപ്പിലാക്കി നാടിനെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. ധർമ്മടം പഞ്ചായത്തിൽ നിലവിൽ പ്രതിപക്ഷ സ്ഥാനത്താണ് എൻഡിഎ. എന്നാൽ ഈ തിരഞ്ഞെടുപ്പോടെ എൻഡിഎ ഭരണപക്ഷത്ത് എത്തുമെന്ന് ഷിൻജിത്ത് വിശ്വസിക്കുന്നു.
ജിഎച്ച്എസ്എസ് പാലയാടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴായിരുന്നു ഷിൻജിത്ത് സംഘ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായത്. എബിവിപിയിലൂടെ അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
2010 ൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ശിക്ഷകായി പ്രവർത്തിച്ചു. നാളിതുവരെയുള്ള രാഷ്ട്രീയ അനുഭവങ്ങളാണ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഊർജ്ജം പകരുന്നത്.
അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന വാർഡാണ് ധർമ്മടം പഞ്ചായത്തിലെ ആറാം വാർഡ്. പുഴയോട് ചേർന്ന് നിരവധി വീടുകളുമുണ്ട്. ഇവർ നേരിടുന്ന പ്രധാനപ്രശ്നമാണ് കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്. പ്രദേശത്തെ കിണറുവെള്ളത്തിൽ ഉപ്പ് കലരും. അതുകൊണ്ട് തന്നെ ഈ വെള്ളം ഉപയോഗിക്കാൻ പറ്റാറില്ല. താൻ വിജയിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഷിൻജിത്ത് വ്യക്തമാക്കുന്നു.
അണ്ടല്ലൂർ കാവ് ഭാഗത്തുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കുമെന്നും അദ്ദേഹം പറയുന്നു.
തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള യാത്രയിൽ കടുത്ത വെല്ലുവിളികളാണ് കാത്തിരിക്കുന്നത് എന്ന് ഷിൻജിത്തിന് അറിയാം. എങ്കിലും ഇതൊന്നും വകവയ്ക്കാതെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഷിൻജിത്ത്. തന്റെ പോരാട്ടം ലക്ഷ്യം നേടുമെന്ന ആത്മവിശ്വാസത്തോടെ.

