പൊതുപ്രവർത്തനരംഗത്ത് വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന വനിതാ നേതാവ്. എൻഡിഎ സ്ഥാനാർത്ഥിയായുള്ള കന്നിയങ്കത്തിൽ തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സ്ഥാനാർത്ഥി. ടി പത്മകുമാരി. കൊച്ചി കോർപ്പറേഷനിലെ സ്ത്രീകളുടെ കരുത്തും ഊർജവും ഇവരാണ്.
കൊച്ചി കോർപ്പറേഷനിലെ ഐലൻഡ് നോർത്ത് ഒമ്പതാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയായിട്ടാണ് പത്മകുമാരി മത്സരിക്കുന്നത്.
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഉൾപ്പെടുന്ന വാർഡ് ആണിത്. മൂന്നാമത്തെ തവണയാണ് പത്മകുമാരി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ആദ്യത്തെ തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടും രണ്ടാം തവണ എൻഡിഎ സ്ഥാനാർത്ഥിയായിട്ടുമായിരുന്നു മത്സരം. മൂന്നാം അങ്കവും എൻഡിഎയ്ക്ക് വേണ്ടിതന്നെ.
കൊച്ചി കോർപ്പറേഷൻ ഐലൻഡ് നോർത്ത് 29 ആം ഡിവിഷനിൽ ആണ് പത്മകുമാരി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ പരാജയപ്പെട്ടു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ആദർശങ്ങളും പ്രവർത്തനങ്ങളും പത്മകുമാരിയെ ആകർഷിച്ചു. ഇതോടെ എൻഡിഎയിലേക്ക് ചുവടുമാറി.
കഴിഞ്ഞ തവണയും ഒമ്പതാം വാർഡിൽ നിന്നായിരുന്നു പത്മകുമാരി ജനവിധി തേടിയത്. അന്ന് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു ഇത്.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ എൻ വേണുഗോപാലായിരുന്നു പത്മകുമാരിയുടെ എതിരാളി. അന്ന് ഭാഗ്യം പത്മകുമാരിയ്ക്കൊപ്പം നിന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ വിജയം പത്മകുമാരിക്ക് സ്വന്തം.
വിജയിപ്പിച്ച ജനങ്ങൾ തന്നെ ഏല്പിച്ച ദൗത്യം നടപ്പിലാക്കാൻ പത്മകുമാരി മറന്നില്ല. ഒമ്പതാം വാർഡിലെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു റോഡുകളുടെ വികസനം. നിരവധി റോഡുകളുടെ ടാറിങ് പൂർത്തിയാക്കി നൽകി. കാലങ്ങളായി നശിച്ചു കിടക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ് നവീകരണം നിലവിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.
തന്റെ ആദർശങ്ങൾ വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിലൂടെ കാണിച്ചുതന്ന നേതാവ് കൂടിയാണ് ടി പത്മകുമാരി.സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനാണ് ഇവർ മുൻതൂക്കം നൽകുന്നത്.
സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് നിർഭയ. ഈ സംഘടനയുടെ വളണ്ടിയർ ആണ് പത്മകുമാരി. കാരുണ്യ സംഘ വേദി എന്ന ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് പത്മകുമാരി.

