അദ്ധ്യാപകൻ, പൊതുപ്രവർത്തകൻ, സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം. അങ്ങിനെ എല്ലായിടത്തും നിറഞ്ഞ് നിൽക്കുന്ന മുഖമാണ് എൻഡിഎയ്ക്കായി മത്സരിക്കുന്ന എംകെ അഭിജിത്തിന്റേത്. കണ്ണൂർ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് എം.കെ അഭിജിത്ത് മത്സരിക്കുന്നത്.
കണ്ണൂർ കൊയ്യോട് സ്വദേശിയാണ് അഭിജിത്ത്. ആദ്യമായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അച്ഛനാണ് രാഷ്ട്രീയത്തിൽ അഭിജിത്തിന്റെ ഗുരു. അദ്ദേഹം പകർന്ന പാഠങ്ങൾ നെഞ്ചിലേറ്റിയാണ് അഭിജിത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
2012 ൽ ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്
രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവെപ്പ്. പഠന കാലത്ത്
കണ്ണൂർ എസ് എൻ കോളേജ് എബിവിപി യൂണിറ്റ് സെക്രട്ടറിയായും
എബിവിപിയുടെ പാലക്കാട് ജില്ലാ കമ്മിറ്റി മെമ്പറായും
പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് യുവമോർച്ചയുടെ ധർമ്മടം മണ്ഡലം സെക്രട്ടറിയായി.
നിലവിൽ യുവമോർച്ചയുടെ കണ്ണൂർ സൗത്ത് ഡിസ്ട്രിക്ട് വൈസ് പ്രസിഡണ്ട് ആണ് അഭിജിത്ത്.
കണ്ണൂർ എസ് എൻ കോളേജിൽ നിന്നാണ് അഭിജിത്ത് ബിരുദം നേടിയത്. പിന്നീട്, പാലക്കാട് ഭാരതീയ വിദ്യാനികേതൻ കോളേജിൽ നിന്നും ബി എഡും പൂർത്തിയാക്കി. തുടർന്ന് ഉത്തർപ്രദേശിലും ബംഗളൂരുവിലുമായി കുറച്ചുകാലം ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു . നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംഎഡ് വിദ്യാർത്ഥിയാണ് അഭിജിത്ത്.
ബി എഡ് പഠനകാലത്ത് അഭിജിത്ത് സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നു. ഇത് മറികടക്കാൻ ഇടവേളകളിൽ ബസ്സ് ഡ്രൈവറായി ജോലി ചെയ്തു. ഇതോടൊപ്പം നന്നായി പഠിച്ചു.ഒന്നാം വാർഡിന് നൽകേണ്ടത് എന്തെല്ലാമാണെന്ന കൃത്യമായ ധാരണ അഭിജിത്തിനുണ്ട്. വിജയിച്ചാൽ ഇതിലോരോന്നായി നാടിന് നൽകും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വികസനങ്ങൾ എത്തിക്കാൻ അഭിജിത്ത് ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ ഒന്നാം വാർഡിലെ ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് അഭിജിത്ത് വിശ്വസിക്കുന്നു,

