തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന കണ്ണൂരിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ് മുണ്ടേരി. ഇടത് ശക്തികേന്ദ്രത്തിൽ തീപാറും പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന ദമ്പതി സ്ഥാനാർത്ഥികളാണ് ഇതിന് കാരണം. ബിജേഷും മഹിതയും. എടക്കാട് ബ്ലോക്കിലെ മുണ്ടേരി ഡിവിഷനിൽ ബിജേഷ് മത്സരിക്കുമ്പോൾ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് പിടിച്ചെടുക്കുകയാണ് മഹിതയുടെ ലക്ഷ്യം. ഇരുവരും എൻഡിഎ സ്ഥാനാർത്ഥികളാണ്.
വിദ്യയോടൊപ്പം കാവിക്കൊടിയും മുറുകെ പിടിച്ച ബിജേഷ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എബിവിപി യിലൂടെയാണ് തുടക്കം. ബിരുദ വിദ്യാർത്ഥിയായിരിക്കെ പഴശ്ശിരാജ എൻഎസ്എസ് കോളേജ് യൂണിയൻ പ്രസിഡന്റ് ആയി. എബിവിപിയുടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിച്ചു. പിന്നാലെ ബിജെപിയിലേക്ക്. മുണ്ടേരി ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ആയിരുന്നു ബിജേഷ്. നിലവിൽ ബിജെപി എടക്കാട് മണ്ഡലം സെക്രട്ടറിയാണ്. 20 വർഷത്തെ രാഷ്ട്രീയ അനുഭവങ്ങൾ കൈമുതലാക്കിയാണ് ബിജേഷ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കേന്ദ്രസർക്കാർ പദ്ധതികൾ മുണ്ടേരി ഡിവിഷനിൽ നടപ്പിലാക്കുക, ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവരിലേക്ക് എത്തിക്കുക എന്നിവയാണ് ബിജേഷിന്റെ ലക്ഷ്യങ്ങൾ. രാഷ്ട്രീയക്കാരൻ എന്നതിലുപരി കവിയും സാഹിത്യകാരനും കൂടിയാണ് ബിജേഷ്. ‘വല’ എന്ന പേരിൽ അദ്ദേഹം ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
തിലാനൂർ യുപി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് മഹിത. ഒപ്പം ബിജെപിയുടെ സജീവ രാഷ്ട്രീയ പ്രവർത്തകയും. 10 വർഷത്തെ രാഷ്ട്രീയ പരിചയം മഹിതയ്ക്കുണ്ട്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ മഹിതയ്ക്ക് ഒരേയൊരു ലക്ഷ്യ മാത്രം. 18 ാം വാർഡിലെ സ്ത്രീകളുടെ സുരക്ഷ.
മഹിളാമോർച്ച ജില്ലാ സെക്രട്ടറി, ബിജെപിയുടെ എടക്കാട് മണ്ഡലം സെക്രട്ടറി തുടങ്ങിയ ചുമതലകൾ മഹിത വഹിച്ചിട്ടുണ്ട്. നിലവിൽ മഹിളാമോർച്ചയുടെ വൈസ് പ്രസിഡണ്ട് ആണ്. ഇടത് ശക്തി കേന്ദ്രങ്ങളിലാണ് പോരാട്ടം എങ്കിലും വിജയിക്കുമെന്ന വിശ്വാസം ഇരുവർക്കുമുണ്ട്. ഈ വിശ്വാസം മുറുകെ പിടിച്ച് ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ദമ്പതികൾ.

