എന്നും രാഷ്ട്രീയചരിത്രത്തിൽ വേറിട്ട് നിൽക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. വോർക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ,മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ചേരുന്നതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. പച്ചക്കോട്ടകളാണ് കാസർകോട്ടെ മണ്ഡലങ്ങൾ. മഞ്ചേശ്വരം ആദ്യകാലത്തും പിന്നീട് 2006 ലും ചുവന്നെങ്കിലും അതിനുശേഷം ഇടതുമുന്നണിക്ക് പിടികൊടുത്തിട്ടില്ല. മുസ്ലിംലീഗിന് സ്വാധീനമുള്ള മണ്ഡലമാണിത്.
കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന, ഭാഷാന്യൂനപക്ഷ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിവിടം. എന്നാൽ അധികം വികസനമൊന്നും വന്നിട്ടില്ല താനും. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങൾ ഇവിടെയും ചർച്ചയാകാറുണ്ട് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മണ്ഡലമാണെങ്കിലും ആത്മീയവും സാഹിത്യപരവുമായ ഭൂപടത്തിൽ മഞ്ചേശ്വരത്തിന് തനതായ സ്ഥാനമുണ്ട്.
1957-ൽ ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മഞ്ചേശ്വരം ചരിത്രത്തിന്റെ ഭാഗമായി. അന്ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം. ഉമേഷ് റാവു, കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പിന്നീട് 1960 മുതൽ 67 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മഹാബല ഭണ്ഡാരിയാണ് മണ്ഡലത്തിനെ പ്രതിനിധീകരിച്ചത്.
87 മുതൽ 2001 വരെ ലീഗിലെ ചെർക്കളം അബ്ദുളളയായിരുന്നു മഞ്ചേശ്വരത്ത് ജയിച്ചു കയറിയത്. 2006 ൽ എൽ ഡി എഫിന്റെ കുഞ്ഞമ്പു വിജയിച്ചെങ്കിലും 2011 ൽ ലീഗിന്റെ പിബി അബ്ദുൾ റസാഖാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
2016-ൽ മഞ്ചേശ്വരമാണ് ശരിയ്ക്കും കേരളത്തിൽ ചർച്ചയായ മണ്ഡലം. യു.ഡി.എഫിലെ പി.ബി. അബ്ദുൾ റസാഖും എൻ.ഡി.എയിലെ കെ. സുരേന്ദ്രനും തമ്മിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു. കേവലം 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് അന്ന് വിജയിച്ചത്. 2019-ൽ പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തങ്ങളുടെ വോട്ട് വിഹിതം 44.5 ശതമാനമായി ഉയർത്തി ഭൂരിപക്ഷം 7,923 ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
2021-ൽ പോരാട്ടം വീണ്ടും കടുത്തു. യു.ഡി.എഫിന്റെ എ.കെ.എം. അഷ്റഫും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം വെറും 745 വോട്ടുകളായി കുറഞ്ഞു.
തീരദേശ മണ്ഡലമാണ് മഞ്ചേശ്വരം, ചികിത്സ, വിദ്യഭ്യാസം, ഗ്രാമീണ റോഡുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇനിയും വികസനമേറെ എത്താനുമുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ഏറെക്കാലത്തെ ആവശ്യമാണ് എല്ലാ സൗകര്യവുമുള്ള സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി, അതുപോലെ തീരദേശ ഹൈവേയുടെ പൂർത്തീകരണം തുടങ്ങി നിരവധി പദ്ധതികൾക്കായി കാത്തിരിക്കുകയാണ് ഇവിടുത്തെ വോട്ടർമാർ.
ഇത്തവണയും സിറ്റിംഗ് എംഎൽഎ ആയ എ.കെ.എം. അഷ്റഫിനെ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് . എൽഡിഎഫിന്റെ സ്ഥാനാർഥി കെ.ആർ. ജയാനന്ദയും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനാണെങ്കിൽ ഇത് അഭിമാനപോരാട്ടമാണ് . കപ്പിനും ,ചുണ്ടിനുമിടയിൽ നഷ്ടമായ വിജയം ഇത്തവണ സ്വന്തമാക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഉറപ്പ്.
കാലം മാറി തുടങ്ങി. സ്ഥാനാർത്ഥികളെ നോക്കി, ജാതി നോക്കിമാത്രമല്ല ഇന്ന് വോട്ട് നൽകുന്നത് . ആര് ജയിച്ചാലും ഞങ്ങൾക്കെന്താ ? എന്ന് വോട്ടർമാർ ചോദിക്കുന്ന കാലവും കഴിഞ്ഞു . ഇപ്പോൾ ചോദിക്കുന്നത് മറ്റൊന്നാണ് നിങ്ങൾ ജയിച്ചാൽ ഞങ്ങൾക്കെന്താണ് നേട്ടം ? ആ ചോദ്യം തന്നെയാണ് പല സ്ഥാനാർത്ഥികൾക്ക് നേരെ ഉയരേണ്ടതും.

