കാഠ്മണ്ഡു: കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പ്രക്ഷോഭത്തിനിടെ പ്രകടനക്കാരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെയും , മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.കാഠ്മണ്ഡു വാലി പോലീസ് വക്താവ് ഓം അധികാരി അറസ്റ്റുകൾ സ്ഥിരീകരിച്ചു. “നടപടിക്രമം നിയമപ്രകാരം മുന്നോട്ട് പോകും” എന്നും ഓം അധികാരി പറഞ്ഞു.
പ്രധാനമന്ത്രി ബലേന്ദ്ര ഷായും അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകമാണ് പുതിയ നീക്കങ്ങൾ . മുൻ ഭരണകൂടത്തെ താഴെയിറക്കിയ 2025 ലെ “ജനറൽ ഇസഡ്” കലാപത്തിന് ശേഷം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്നാണ് ഷായുടെ സർക്കാർ രൂപീകരിച്ചത്.
2025 സെപ്റ്റംബർ 8 നും 9 നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്നാണ് രാജ്യത്ത് സംഘർഷമുണ്ടായത്. യുവാക്കളുടെ തൊഴിലില്ലായ്മയും സർക്കാരിന്റെ അഴിമതിയും രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ദിവസത്തെ അക്രമത്തിൽ കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ടു. കലാപത്തിന്റെ ആദ്യ ദിവസം മാത്രം 19 യുവാക്കൾ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങൾ രൂക്ഷമായതോടെ, സർക്കാർ ഓഫീസുകളും പാർലമെന്റ് മന്ദിരവും അഗ്നിക്കിരയായി, ഇത് സെപ്റ്റംബർ 9 ന് ഒലി സർക്കാരിന്റെ പൂർണ്ണമായ പതനത്തിലേക്ക് നയിച്ചു.മരണങ്ങളെക്കുറിച്ച് സർക്കാർ നിയോഗിച്ച അന്വേഷണത്തിൽ 74 കാരനായ മുൻ പ്രധാനമന്ത്രി ഒലിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണമെന്ന് ശുപാർശ ഉണ്ടായി.
“വെടിവയ്ക്കാൻ ഒലി ഉത്തരവിട്ടതായി സ്ഥിരീകരിച്ചിട്ടില്ല” എന്ന് റിപ്പോർട്ടിൽ പരാമർശിച്ചെങ്കിലും, “വെടിവയ്പ്പ് തടയാനോ നിയന്ത്രിക്കാനോ ഒരു ശ്രമവും നടത്തിയില്ല, അവരുടെ അശ്രദ്ധ കാരണം പ്രായപൂർത്തിയാകാത്തവർക്ക് പോലും ജീവൻ നഷ്ടപ്പെട്ടു” എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നാശനഷ്ടങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടത് എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ കടുത്ത കടമലംഘനമാണെന്ന് അന്വേഷണത്തിൽ വിശേഷിപ്പിച്ചു.
പുതിയതായി നിയമിതനായ ആഭ്യന്തര മന്ത്രി സുധാൻ ഗുരുങ്, അന്വേഷണത്തിലെ നിർണ്ണായക നീക്കമായാണ് അറസ്റ്റുകളെ വിലയിരുത്തിയത് . യുവജന പ്രതിഷേധങ്ങളിലെ പ്രധാന മുഖമായിരുന്നു സുധാൻ .“ആരും നിയമത്തിന് അതീതരല്ല… ഇത് ആരോടും പ്രതികാരമല്ല, നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അറസ്റ്റുകൾക്ക് ശേഷം സുധാൻ ഗുരുങ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

