പാലക്കാട് ; ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയർന്നതിന് പിന്നാലെ പാലക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ പ്രശോഭ് സി വൽസനെ കോൺഗ്രസ് പുറത്താക്കി.പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് അച്ചടക്ക നടപടി എടുത്തത് . 24-ാം ഡിവിഷനിലെ പ്രതിനിധിയാണ് പ്രശോഭ്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് പ്രശോഭിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. “മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഞങ്ങൾ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. താമസിയാതെ, ഞങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.” എ തങ്കപ്പൻ പറഞ്ഞു.
പട്ടികവർഗ സമുദായത്തിൽ നിന്നുള്ള യുവതിയാണ് പ്രശോഭിനെതിരെ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് വൽസൻ പലതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയതായും യുവതി പറഞ്ഞു . പോലീസിനും മുഖ്യമന്ത്രിയ്ക്കും യുവതി പരാതികൾ നൽകിയിട്ടുണ്ട് .
.പാർട്ടി പ്രശോഭിന്റെ അംഗത്വം റദ്ദാക്കിയെങ്കിലും, കൗൺസിലർ എന്ന സ്ഥാനം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട് . “പാർട്ടി ഒരു ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. ഞങ്ങൾക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല, പക്ഷേ ഇപ്പോഴും അദ്ദേഹത്തെ നീക്കം ചെയ്യാൻ തീരുമാനിച്ചു . ധാർമ്മികതയുടെ പേരിൽ അദ്ദേഹം കൗൺസിലർ സ്ഥാനം രാജിവച്ചേക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്,” എ തങ്കപ്പൻ കൂട്ടിച്ചേർത്തു .
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് പ്രശോഭിന് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു. അതേസമയം കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ് .

