ടെഹ്റാൻ: ഇറാനിലെ ബുഷെർ ആണവ നിലയം മൂന്നാം തവണയും ആക്രമിക്കപ്പെട്ടു. ബുഷെർ ആണവ നിലയത്തിന് ചുറ്റും വീണ്ടും ഇസ്രായേൽ ആക്രമണം നടന്നതായി ഇറാൻ ഏജൻസി തന്നെയാണ് അറിയിച്ചത് . എന്നാൽ പ്ലാന്റിന്റെ അവസ്ഥ സാധാരണമാണെന്നും പ്രവർത്തിക്കുന്ന റിയാക്ടർ സുരക്ഷിതമാണെന്നും ഐഎഇഎ അറിയിച്ചു
ആക്രമണങ്ങളിൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഏതെങ്കിലും ആണവ റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വലിയൊരു റേഡിയോ ആക്ടീവ് അപകടം സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഖോണ്ടാബിലെ ഇറാന്റെ ഘനജല ഉൽപ്പാദന പ്ലാന്റും ആക്രമിക്കപ്പെട്ടതായി ഐഎഇഎ റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്ലാന്റിൽ പ്രഖ്യാപിത ആണവ വസ്തുക്കൾ ഇല്ലാത്തതിനാൽ അവിടെ വികിരണ സാധ്യതയില്ല.
കൂടാതെ, കൊബാൾട്ട്-60, സീസിയം-137 തുടങ്ങിയ റേഡിയോ ആക്ടീവ് സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഇറാനിലെ ഖുസിസ്ഥാൻ സ്റ്റീൽ പ്രൊഡക്ഷൻ ഫാക്ടറിയും ആക്രമിക്കപ്പെട്ടു. യാസ്ദ് പ്രവിശ്യയിലെ ഷാഹിദ് റെസായി നെജാദ് യെല്ലോ കേക്ക് പ്രൊഡക്ഷൻ ഫെസിലിറ്റി ആക്രമിക്കപ്പെട്ടതായും ഐഎഇഎ സ്ഥിരീകരിച്ചു. എങ്കിലും ബാഹ്യ പ്രദേശങ്ങളിൽ റേഡിയേഷൻ അളവിൽ വർദ്ധനവ് കണ്ടെത്തിയില്ല.

