കേരളത്തിന്റെ ‘നെല്ലറ’ ആണ് കുട്ടനാട്. പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ നദികളുടെ കാറ്റേറ്റ് കിടക്കുന്ന ഭൂമി. വിപ്ലവരാഷ്ട്രീയത്തിന് വളക്കൂറായ മണ്ണ്. ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം.
1967 ൽ കെ.കെ.കെ. പിള്ളയാണ് കുട്ടനാടിനെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയത് . 1970 ൽ ഉമ്മൻ തലവടിയും , 1977 ൽ ഈപ്പൻ കണ്ടകുടിയും , 1980 ൽ ഉമ്മൻ മാത്യുവും ഇവിടെ നിന്ന് ജയിച്ചു. 1982 മുതൽ 2001 വരെ കെ സി ജോസഫാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 മുതൽ 2016 വരെ തോമസ് ചാണ്ടിയും 2021 ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തോമസ് കെ. തോമസും ഇവിടെ വിജയിച്ചു. 60,694 വോട്ടുകൾ നേടിയാണ് തോമസ് കെ. തോമസ് അന്ന് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ജേക്കബ് എബ്രഹാമിന് 48,326 വോട്ടുകൾ ലഭിച്ചു
ഇത്തവണയും കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് തന്നെ. റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ശാന്തിയാണ് .
കൃഷി ചിലവ് വർദ്ധിക്കുന്നതും, പുതിയ തലമുറ കൃഷിയിൽ നിന്ന് വിട്ടുനിൽക്കുന്നതും കുടിയേറ്റം വർദ്ധിക്കുന്നതും കുട്ടനാടിന്റെ സാമൂഹികനിലകളിൽ താളം തെറ്റലിന് കാരണമാകുന്നുണ്ട്.. വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികൾ, കൃത്യസമയത്തുള്ള നെല്ല് സംഭരണം, ചിറകളുടെ നവീകരണം എന്നിവയിൽ ഇടപെടാൻ കഴിയുന്നവർക്കേ ഇവിടെ വോട്ട് ലഭിക്കൂ. വാചകക്കസർത്തുകളല്ല , പ്രവൃത്തി തന്നെയാണ് മുൻതൂക്കമെന്ന് വ്യക്തമായി പറയുകയാണ് ഇവിടുത്തെ വോട്ടർമാർ.

