എൽഡിഎഫിന്റെ ചുവന്നകോട്ടയെന്ന വിശേഷണം ഏറ്റവും കൂടുതൽ ഇണങ്ങുന്ന കണ്ണൂരിലെ മണ്ഡലങ്ങളിൽ ഒന്നാണ് തലശ്ശേരി. കാരണം തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഒരിക്കലും തലശ്ശേരി ഇടതിൽ നിന്നും മാറി മറ്റൊരു വഴി സഞ്ചരിച്ചിട്ടില്ല. 2016 മുതൽ ഇടതിന്റെ എ.എൻ ഷംസീറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
1957 ലാണ് തലശ്ശേരി നിയമസഭാമണ്ഡലം നിലവിൽ വന്നത്. പിന്നീട് 2008 ൽ മണ്ഡലം നിയമസഭാ പുനർനിർണയത്തിന് വിധേയമായി. കേരള നിയമസഭാമണ്ഡലങ്ങളിൽ 13ാം നമ്പർ മണ്ഡലമാണ് തലശ്ശേരി. 2021 ലെ കണക്കുകൾ പ്രകാരം 1,75,143 വോട്ടർമാർ മണ്ഡലത്തിൽ ഉണ്ട്. തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി നഗരസഭ, ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ തലശ്ശേരി നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008 ന് മുൻപ് മണ്ഡലം തലശ്ശേരി നഗരസഭ, ധർമ്മടം, എരഞ്ഞോളി, കതിരൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ, ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ 1-5, 11,12 എന്നീ വാർഡുകൾ ഉൾപ്പെട്ടത് ആയിരുന്നു.
1957 ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി വി. ആർ കൃഷ്ണയ്യർ ആയിരുന്നു വിജയിച്ചത്. 1960 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം ജയം ആവർത്തിച്ചു. 1967 ൽ കെ.പി.ആർ ഗോപാലനും, 1970 ൽ എൻ.ഇ ബലറാമും മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1977 ൽ പാട്യം രാജഗോപാലൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1982 ലും 1987 ലും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
1991 ലും 1996 ലും കെ.പി മമ്മുമാസ്റ്റർ തലശ്ശേരിയിൽ വിജയിച്ചു. 1996 ൽ ഇ.കെ നായനാർക്കായി മണ്ഡലം വഴിമാറി. 2001 ൽ കോടിയേരി ബാലകൃഷ്ണൻ വീണ്ടും വിജയം ആവർത്തിച്ചു. 2016 വരെ കോടിയേരി ബാലകൃഷ്ണൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 ൽ എ.എൻ ഷംസീർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2021 ലും അദ്ദേഹത്തെ ജയം തുണച്ചു.
2026 ലെ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാവ് കാരായി രാജനെയാണ് മണ്ഡലത്തിൽ സിപിഎം പരീക്ഷിക്കുന്നത്. ചിഹ്നം നോക്കി എംഎൽഎയെ തീരുമാനിക്കുന്ന മണ്ഡലത്തിന്റെ ചരിത്രം അങ്കത്തിനിറങ്ങുന്ന കാരായി രാജന് ആത്മവിശ്വാസം നൽകുന്നുണ്ട്. അതുകൊണ്ട് മണ്ഡലം ഇക്കുറിയും ഇടത്തേയ്ക്ക് ചായുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇടത് കോട്ടയെ പൊളിച്ചടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ കെ.പി സാജു മണ്ഡലത്തിൽ മത്സരിക്കുന്നത്. ഒ നിധീഷാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. വിജയത്തിൽ കുറഞ്ഞതൊന്നും അദ്ദേഹവും മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല.

