സുനീഷ് വി ശശിധരൻ
രാഷ്ട്രീയ പ്രവർത്തനം ഒരു തൊഴിലായും ഉപജീവനമാർഗ്ഗമായും പലതിനുമുള്ള മറയായും കൊണ്ട് നടക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് വി എസ് റാണ എന്ന പൊതുപ്രവർത്തകൻ. രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ പക്കൽ, യുവതലമുറയിൽ വലിയൊരു വിഭാഗവും ആഘോഷിക്കുന്ന അരാഷ്ട്രീയവാദത്തിനും കൃത്യമായ മറുപടിയുണ്ട്.
നിലവിൽ കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വെള്ളൂർ വാർഡ് മെമ്പറും അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് സൊസൈറ്റിയുടെ ഭരണസമിതി മെമ്പറുമാണ് റാണ. ജയപരാജയങ്ങൾക്ക് അതീതമായി ആദർശ ശുദ്ധിയിലും ജനസേവനത്തിലും ഊന്നി മാത്രം പ്രവർത്തിക്കുന്ന അദ്ദേഹം, കൊല്ലം അഞ്ചൽ ബ്ലോക്ക്, അറയ്ക്കൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്.
പൊതുപ്രവർത്തന രംഗത്ത് എന്നും ഒരു വേറിട്ട മുഖമായ വി എസ് റാണ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ജയസാധ്യതയെ കുറിച്ചും രാഷ്ട്രീയ വീക്ഷണത്തെ കുറിച്ചും ഉൾപ്പെടെ വിശദമായി സംസാരിക്കുകയാണ്.
എന്താണ് അങ്ങയുടെ വിദ്യാഭ്യാസ യോഗ്യത?
ഹൈസ്കൂൾ അധ്യാപക യോഗ്യത നേടിയിട്ടുണ്ട്. എൽ എൽ ബി പഠനം പൂർത്തീകരിച്ചിട്ടുണ്ട്.
എങ്ങനെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്?
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെ എസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൊതുപ്രവർത്തനത്തിൽ ഒരിക്കൽ പോലും ഇടവേളകൾ ഉണ്ടായിട്ടില്ല. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടും ഇപ്പോഴും സജീവ രാഷ്ട്രീയത്തിൽ തുടരുന്നു.
രാഷ്ട്രീയ പ്രവർത്തന രംഗത്തെ അനുഭവങ്ങൾ?
25 വയസ്സ് വരെയുള്ള കാലഘട്ടം മുഴുവൻ ഓലപ്പുരയിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. ചോർന്നൊലിക്കുന്ന വീട്ടിലെ ജീവിതം കൂട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ മുന്നിൽ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ വലിയ വേദന സമ്മാനിച്ചിരുന്നു.
അതുകൊണ്ട് തന്നെ, പൊതുപ്രവർത്തന ജീവിതത്തിൽ ഉടനീളം പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിലാണ് പ്രധാനമായും ഞാൻ ശ്രദ്ധിച്ചിരുന്നത്. ഹൗസിംഗ് ബോർഡ് മുഖേനെയും സന്നദ്ധ സംഘടനകൾ മുഖേനെയും ഒക്കെ അതിനായി പ്രയത്നിച്ചിട്ടുണ്ട്. ഏതാണ് എഴുപത്തിയഞ്ചോളം പേർക്ക് ഭവന നിർമ്മാണ ധനസഹായങ്ങൾ പൂർണ്ണമായും ഭാഗികമായും നേടിക്കൊടുക്കാൻ ഈ പൊതുപ്രവർത്തന കാലയളവിൽ കഴിഞ്ഞു എന്നത് തികച്ചും ചാരിതാർഥ്യമുള്ള അനുഭവമാണ്. ജീവിത സാഹചര്യങ്ങളുടെ പിൻബലമാണ് ഇതിന് സഹായകമായിട്ടുള്ളത്.
സജീവ രാഷ്ട്രീയത്തിൽ വഹിച്ച ചുമതലകൾ ഏതൊക്കെയാണ്?
കെ എസ് യുവിന്റെ ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് കുറച്ചുകാലം കേരള കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കമ്മിറ്റിയിൽ ഉൾപ്പെടെ അംഗമായിരുന്നു.
പിൽക്കാലത്ത് കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാകാൻ തീരുമാനിച്ചുവെങ്കിലും ഞാൻ യുഡിഎഫിൽ തുടർന്നു. തിരിച്ചുവരവിൽ കോൺഗ്രസിന്റെ ബൂത്ത് സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് അറയ്ക്കൽ മണ്ഡലം സെക്രട്ടറി, തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അറയ്ക്കൽ മണ്ഡലം സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ചൽ ബ്ലോക്ക് ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. 2020-25 കാലയളവിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2015 കാലഘട്ടത്തിൽ അഞ്ചൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായി മത്സരിച്ചു. 165 വോട്ടിന്റെ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്. എന്നാൽ ഒരു മാന്ത്രിക സംഖ്യയെന്ന പോലെ ഇതേ 165 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ വെള്ളൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഒരു യാദൃശ്ചികതയാണ്.
രാഷ്ട്രീയ- സാമൂഹിക പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലഭിച്ചിട്ടുണ്ടോ?
ഒരു പൊതുപ്രവർത്തകൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനായി മാത്രം ഒതുങ്ങരുത്. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർക്ക് സേവനങ്ങൾ എത്തിച്ച് നൽകുന്നതിന് ഒരു പൊതുപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും സന്നദ്ധ പ്രവർത്തകനും ഒരു ജീവകാരുണ്യ പ്രവർത്തകനും ആയിരിക്കണം. എന്റെ ജീവിതത്തിൽ ഈ പറഞ്ഞ മേഖലകളിലെല്ലാം തന്നെ എന്റേതായ ഭാഗധേയം സമൂഹത്തിന് നൽകാൻ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പുരസ്കാരങ്ങൾക്ക് വേണ്ടി ശ്രമിക്കുകയോ അതിന് വേണ്ടി അപേക്ഷകൾ നൽകുകയോ ചെയ്തിട്ടില്ല. എന്റെ പ്രവർത്തനങ്ങൾ ആകൃഷ്ടരായി ഒരു സംഘടനകളും പുരസ്കാരങ്ങൾ നൽകാൻ സന്നദ്ധരായി രംഗത്ത് വന്നിട്ടുമില്ല.
ജനസേവനത്തിന് ഒരു പുരസ്കാരത്തിന്റെ ആവശ്യമുള്ളതായി ഞാൻ കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പുരസ്കാരങ്ങളുടെ പിറകേ പോകുന്ന ശൈലി പണ്ടുമില്ല, ഇപ്പോഴുമില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല. നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യുക. അതിനെ തുടർന്ന് ലഭിക്കുന്ന അംഗീകാരങ്ങളെ പുരസ്കാരങ്ങളായി കാണുക എന്നാണ് എനിക്ക് പറയാനുള്ളത്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്കാരം.
ജനപ്രാതിനിധ്യത്തിൽ പഞ്ചായത്ത് മെമ്പറുടെ സ്ഥാനം എന്താണ്?
2015 കാലഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടപ്പോൾ പലരുടെയും ഉപദേശം, ആദ്യം ഒരു പഞ്ചായത്ത് മെമ്പർ ആയി കഴിവ് തെളിയിച്ച ശേഷം മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കണം എന്നായിരുന്നു. അതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്.
എന്നാൽ ഒരു പൊതുപ്രവർത്തകന് അനിവാര്യമായ പല പാഠങ്ങളും പഠിപ്പിച്ച് തരുന്ന ഒരു തദ്ദേശ സ്വയംഭരണ യൂണിവേഴ്സിറ്റിയാണ് ഗ്രാമപഞ്ചായത്ത് എന്ന് പിൽക്കാലത്ത് മനസ്സിലായി. അവിടെ നിന്നും, ഒരു ജനപ്രതിനിധിക്ക് സമൂഹത്തിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് പഠിക്കുകയായിരുന്നു ഈ അഞ്ച് വർഷക്കാലം. ഒരു എം പിക്കോ, എം എൽ എയ്ക്കോ ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ഒരു പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ കഴിയും. സമൂഹത്തിലെ സാധാരണ ജനങ്ങളുമായി എപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ട ഒരു വ്യക്തിത്വമാണ് പഞ്ചായത്ത് മെമ്പർ. പഞ്ചായത്ത് മെമ്പർ വഴി മാത്രമാണ് സാധാരണ ജനങ്ങൾക്ക് മറ്റ് ജനപ്രതിനിധികളിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നത്.
അതേസമയം, ഒരു പഞ്ചായത്ത് മെമ്പർക്ക് തന്റെ വാർഡിലേക്ക് ഏത് തരത്തിലുള്ള സേവനങ്ങളും നേരിട്ട് എത്തിക്കാൻ സാധിക്കും. മറുവശത്ത് ഒരു എം എൽ എയ്ക്കോ, എം പിക്കോ, മന്ത്രിക്കോ തങ്ങളുടെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്ത് മെമ്പർ വഴി മാത്രമേ സാധിക്കൂ. ഇത്തരത്തിൽ ജനപ്രാതിനിധ്യത്തിന്റെ സാധ്യതകൾ പൂർണ്ണമായി മനസ്സിലാക്കുന്നതിന് ഒരു പഞ്ചായത്ത് മെമ്പർ എന്ന നിലയിലെ ജനസേവന കാലം സഹായിച്ചു. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന ഒരു പൊതുപ്രവർത്തകന് പിന്നീട് ഭരണചക്രം തിരിക്കുന്നതിന് അനായാസമായി കഴിയും എന്നതും ഞാൻ മനസ്സിലാക്കിയ വസ്തുതയാണ്.
ജനപ്രതിനിധി എന്ന നിലയിൽ ജീവിക്കുകയായിരുന്നില്ല, ഓരോ കാര്യങ്ങളും വിശദമായി പഠിക്കുകയായിരുന്നു ഈ അഞ്ച് വർഷക്കാലവും. ആ പഠനം തന്നെയാണ് എന്റെ ജീവിതാനുഭവവും.
പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലെ അനുഭവങ്ങൾ എന്തൊക്കെയാണ് ? എന്താണ് സമൂഹത്തോട് പറയാനുള്ളത്?
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്. അങ്ങനെ നോക്കിയാൽ ഒരോ പൗരനും പരിസ്ഥിതി പ്രവർത്തകനാണ്. മലമേൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് അവിടെ കാണുന്ന ടൂറിസം കേന്ദ്രം. 2003 മുതൽ 2006 വരെ നിരന്തരം സമരങ്ങൾ നടത്തി പാറഖനനം ഉൾപ്പെടെയുള്ള കൈയ്യേറ്റങ്ങൾ നിർത്തലാക്കിയതിന് ശേഷമാണ് ഈ പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്. അതിന് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു.
തുടർന്ന് ഇങ്ങോട്ട് മണ്ണ്, ജലം, പാറ, അങ്ങനെയുള്ള പരിസ്ഥിതിയുടെ സമ്പത്തുകൾ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധനായി ഇപ്പോഴും പ്രവർത്തിച്ച് വരുന്നു.
എതിർ സ്ഥാനാർത്ഥികളെ എങ്ങനെ നോക്കിക്കാണുന്നു?
നേരിട്ട ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇതുവരെയും എതിരാളികളെ നിസ്സാരന്മാരായി കണ്ടിട്ടില്ല. എതിർ സ്ഥാനാർത്ഥികളെ അവർക്ക് നൽകേണ്ട ബഹുമാനം നൽകിക്കൊണ്ട് രാഷ്ട്രീയമായി എതിരിടുക എന്നതാണ് എക്കാലത്തെയും എന്റെ രാഷ്ട്രീയ ശൈലി. ഓരോ വ്യക്തികളും അവരുടെ ശൈലികളും വ്യത്യസ്തങ്ങളാണ്. വ്യക്തിപരമായ വ്യത്യാസങ്ങൾ ഒന്നും തന്നെ നാടിന് ലഭിക്കേണ്ടുന്ന നേട്ടങ്ങളെ ദോഷകരമായി ബാധിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
ബ്ലോക്ക് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്?
തിരഞ്ഞെടുക്കപ്പെട്ടാൽ റോഡുകളും പാലങ്ങളും മണിമാളികകളും കൊണ്ടുവരുമെന്ന് പ്രസ്താവിക്കുകയല്ല. എല്ലാ സാഹചര്യങ്ങളിലും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ജനങ്ങൾക്ക് ഒപ്പം നിൽക്കും. അതാവണം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധികളും പാലിക്കേണ്ട പ്രധാന ധർമ്മം. അക്കാര്യത്തിൽ എന്റെ ഡിവിഷനിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു, അവരുടെ സുഖത്തിലും ദുഃഖത്തിലും അവർക്ക് എന്ത് ആവശ്യമുള്ള സന്ദർഭങ്ങളിലും ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ഒപ്പമുണ്ടാകും.
എന്താണ് താങ്കളുടെ രാഷ്ട്രീയ വീക്ഷണം?
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ ഇന്ത്യക്ക് നിലനിൽക്കാനും സാധിക്കുകയുള്ളൂ. ചെറുപ്പക്കാർ ഉൾപ്പെടെ ഉള്ളവർക്ക് രാഷ്ട്രീയ ആഭിമുഖ്യം കുറഞ്ഞ് വരുന്നു. പലപ്പോഴും അവർ പറയുന്നത് വിദേശ രാജ്യങ്ങളിലെ പോലെ പ്രസിഡൻഷ്യൽ ഭരണ രീതി ഇവിടെയും ഉണ്ടാകണം എന്നാണ്. അങ്ങനെയല്ല, ചെറുപ്പക്കാർ രാഷ്ട്രീയത്തെ വില കുറച്ച് കാണരുത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്നുവരെ ഇന്ത്യ കണ്ടിട്ടുള്ള എല്ലാ വികസനങ്ങളുടെയും പിന്നിൽ രാഷ്ട്രീയക്കാരും അവരുടെ കർമ്മശേഷിയും വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാരോട് മുഖം തിരിക്കരുത്. യോഗ്യരായ വ്യക്തികളെ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളിലേക്ക് വോട്ടെടുപ്പിലൂടെ നിങ്ങൾ തിരഞ്ഞെടുത്ത് അയക്കണം. വോട്ടെടുപ്പിലൂടെ നിങ്ങൾക്ക് തിരുത്തൽ ശക്തിയാകാൻ സാധിക്കും. അതിൽ നിന്ന് മാറി നിന്നാൽ നമ്മളെ നയിക്കുന്നത് ഏറ്റവും നിലവാരം കുറഞ്ഞ വ്യക്തികളായിരിക്കും.
രാഷ്ട്രീയം ഇന്ത്യയുടെ മാത്രമല്ല, ഓരോ പൗരന്റെയും ക്ഷേമത്തിനും ഉന്നമനത്തിനും ആവശ്യമാണ്. ജനങ്ങളോട് രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ അവർക്ക് സ്നേഹവും കരുതലും നൽകുന്ന ഭരണകൂടത്തെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ജനസമൂഹമാണ് നമുക്ക് ആവശ്യം. അത്തരം ഒരു രാഷ്ട്രീയ വീക്ഷണത്തിലൂടെയാണ് ഞാനും പൊതുപ്രവർത്തന രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും ഒക്കെ പ്രവർത്തിക്കുന്നത്. നാടിന് നന്മ ചെയ്യുക എന്നത് തന്നെയാണ് ആത്യന്തികമായ ലക്ഷ്യവും.
മനുഷ്യരാശി ഉണ്ടായിട്ട് ഇന്ന് വരെയും ആദർശ രാഷ്ട്രം എന്നത് ഒരു സങ്കൽപ്പം മാത്രമായി തുടരുകയാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയക്കാരും. ആദർശശുദ്ധി ഉള്ളവരും ഇല്ലാത്തവരുമുണ്ട്. നല്ലത് ഉള്ളപ്പോഴേ അതിന്റെ ഗുണങ്ങളും ചീത്തയുടെ ദോഷങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
രാഷ്ട്രീയക്കാരന് വിദ്യാഭ്യാസം അനിവാര്യമാണോ?
രാഷ്ട്രീയക്കാരന് വിദ്യാഭ്യാസം അനിവാര്യമാണോ എന്നത് ആപേക്ഷികമാണ്. പലപ്പോഴും ഏറ്റവും വിദ്യാസമ്പന്നനായ ഒരാൾ ഒരു ജനപ്രതിനിധി ആകുന്നതിനേക്കാൾ നല്ലതായേക്കാം ഒരു കൂലിപ്പണിക്കാരൻ ജനപ്രതിനിധി ആകുമ്പോൾ ജനങ്ങൾക്ക് ലഭ്യമാകുന്നത്. എഴുത്തും വായനയും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവുമാണ് രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെ നല്ല ഒരു ജനപ്രതിനിധി ആകുന്നതിന് ജനകീയാസൂത്രണം പഠിക്കണമെന്നോ പഠിപ്പിക്കണമെന്നോ നിർബ്ബന്ധമില്ല. ഇത്തരം ഒരു പഠനങ്ങളിലൂടെയും സാധാരണക്കാരനെ മനസ്സിലാക്കാൻ കഴിയില്ല എന്നതുമാണ് എന്റെ അഭിപ്രായം.

